പ്രിയദർശിനി സർവീസിന് ശേഷമുണ്ടായ പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയെ നിലനിർത്താൻ സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ബസ് ഉടമകളുടെ സംഘടനകൾ.
ബസുകൾ സർക്കാർ വാടകയ്ക്കെടുത്ത് സീറോ ടിക്കറ്റിങ് സമ്പ്രദായം സ്വകാര്യ ബസുകളിലും ഏർപ്പെടുത്തണമെന്നാണ് ഉടമകളുടെ പ്രധാന ആവശ്യം.
നിലവിൽ ഒരു ബസിന് പ്രതിദിനം ആയിരം മുതൽ നാലായിരം രൂപ വരെ കലക്ഷൻ കുറഞ്ഞ സാഹചര്യത്തിലാണ് ഉടമകൾ പുതിയ നിർദേശവുമായി രംഗത്തെത്തിയത്. സ്വകാര്യ ബസുകൾ സർക്കാർ വാടകയ്ക്കെടുത്ത് സർവീസ് നടത്താൻ അവസരമൊരുക്കണമെന്നും, അല്ലാത്തപക്ഷം മേഖലയ്ക്ക് മുന്നോട്ട് പോകുക ബുദ്ധിമുട്ടാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകളുടെ എണ്ണം വർധിപ്പിക്കാൻ എം.എൽ.എമാരുടെ ഫണ്ട് ഉപയോഗിച്ച് പുതിയ ബസുകൾ വാങ്ങുന്ന കാര്യവും സർക്കാർ ആലോചിക്കുന്നു.
പ്ലാൻ ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ച് ബസുകൾ വാങ്ങി അതത് മണ്ഡലങ്ങൾക്ക് നൽകാനാണ് ആലോചന. ബസുകളുടെ ജീവനക്കാരെയും അറ്റകുറ്റപ്പണിയും പരിപാലനവും കെ.എസ്.ആർ.ടി.സി നിർവഹിക്കും.
ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങിയേക്കുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ ബസുകളുടെ കുറവ് പരിഹരിക്കുന്നതിനും പൊതുഗതാഗത മേഖല ശക്തിപ്പെടുത്തുന്നതിനും പുതിയ നീക്കം സഹായകരമാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.




