കൊല്ലം: കാട്ടാനയുടെ പ്രസവത്തിന് കാവലായി ആനക്കൂട്ടം. പിറന്നുവീണ കുട്ടിയാനയ്ക്കും അമ്മയ്ക്കും സംരക്ഷണമൊരുക്കി മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചു.
അമ്പനാട് എസ്റ്റേറ്റിനോട് ചേർന്ന വനാതിർത്തിയിലായിരുന്നു കാട്ടാനയുടെ പ്രസവവും സഹജീവികളുടെ കരുതലും കാവലും.
കുടമുട്ടി വെള്ളച്ചാട്ടത്തിന് സമീപമുള്ള എസ്റ്റേറ്റ് മേഖലയിൽ ആനക്കൂട്ടത്തെ ആദ്യം കണ്ടത് എസ്റ്റേറ്റ് അധികൃതരാണ്. തുടർന്ന് അച്ചൻകോവിൽ റേഞ്ചിൽ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് അധികൃതർ തെന്മല ആർ.ആർ.ടി സംഘത്തിന് വിവരം കൈമാറി.
ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ആനക്കൂട്ടത്തെ നിരീക്ഷിച്ചതോടെയാണ് ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയാനയ്ക്ക് സംരക്ഷണമൊരുക്കിയാണ് മറ്റ് ആനകൾ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമായത്.
എസ്റ്റേറ്റിനുള്ളിലേക്ക് ആനകൾ എത്തുന്നത് ഒഴിവാക്കി അവയെ വനത്തിലേക്ക് തിരിച്ചയക്കാനായിരുന്നു വനംവകുപ്പിന്റെ ശ്രമം. ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങി.
കുട്ടിയാനയെ കളിപ്പിച്ചും തൊട്ടും തലോടിയും ഏറെ കരുതലോടെയാണ് മറ്റ് ആനകൾക്കൊപ്പം ആനക്കൂട്ടം കാടുകയറിയത്.
കാടിറങ്ങുന്ന കാട്ടാനകൾ പലപ്പോഴും നാട്ടുകാർക്ക് ഭീഷണിയാകാറുണ്ട്. എന്നാൽ, പരസ്പര സ്നേഹത്തിന്റെയും കരുതലിന്റെയും മനോഹരമായ കാഴ്ചയൊരുക്കിയാണ് ഈ ആനക്കൂട്ടം കാട്ടിലേക്ക് മടങ്ങിയത്.
ആ കാഴ്ച നാട്ടുകാർക്കും സമ്മാനിച്ചത് ഏറെ സന്തോഷം.




