തിരുവമ്പാടി: അർധരാത്രിയിൽ കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയെ പിന്തുടർന്ന് പൊലീസ്. തിരുവമ്പാടിയിൽ തുടങ്ങി നിലമ്പൂർ വരെ നീണ്ടത് മണിക്കൂറുകൾ നീണ്ട സിനിമാ സ്റ്റൈൽ ചേസിങ്. വഴിനീളെ വാഹനങ്ങളെയും യാത്രക്കാരെയും അപകടത്തിലാക്കി പാഞ്ഞ ലോറി ഒടുവിൽ പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് തിരുവമ്പാടി എസ്.ഐ രമ്യയ്ക്ക് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളാനായി വാഹനം എത്തിയെന്ന വിവരം ലഭിച്ചത്. ഉടൻ തന്നെ ഡ്രൈവർ അനൂപിനൊപ്പം പൊലീസ് സംഘം സ്ഥലത്തെത്തി ലോറിയെ പിന്തുടർന്നു. പൊലീസിനെ കണ്ടതോടെ ലോറി അമിതവേഗത്തിൽ പാഞ്ഞുപോകുകയായിരുന്നു.
തിരുവമ്പാടി സ്റ്റേഷൻ പരിധിയിൽനിന്ന് കൊടുവള്ളി, താമരശ്ശേരി, മുക്കം, കൂളിമാട്, അരീക്കോട് തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ ലോറി കുതിച്ചു. ഇതിനിടെ നിരവധി നാട്ടുകാരും ബൈക്കുകളിലും മറ്റുമായി വാഹനത്തെ പിന്തുടർന്നു.
നമ്പർ പ്ലേറ്റ് പോലുമില്ലാത്ത ലോറി തടയാൻ ശ്രമിച്ചവരുടെ നേർക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചതായും റോഡിലുണ്ടായിരുന്ന വാഹനങ്ങളെയും യാത്രക്കാരായ കുടുംബങ്ങളെയും അപകടത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നിൽ സംഘടിത സംഘമാണോയെന്ന സംശയവും പൊലീസിനുണ്ട്. മണിക്കൂറുകൾ നീണ്ട പിന്തുടരലിനൊടുവിൽ നിലമ്പൂരിൽവെച്ച് ലോറി രക്ഷപ്പെടുകയായിരുന്നു.
നാട്ടുകാർ പകർത്തിയ ദൃശ്യങ്ങളിൽ വാഹനത്തിലുണ്ടായിരുന്നയാളുടെ രൂപം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പൊലീസ് ഊർജിതമാക്കി. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലോറി കണ്ടെത്താനും പ്രതികളെ പിടികൂടാനുമുള്ള അന്വേഷണം തുടരുകയാണ്.




