പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽനിന്ന് ശബരിമലയെ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ശുപാർശ ചെയ്തു. സന്നിധാനം, പമ്പ, നിലയ്ക്കൽ പാർക്കിങ് ഗ്രൗണ്ട് എന്നിവ ഒഴിവാക്കിയാണ് ഭൂപടത്തിൽ പരിസ്ഥിതിലോല മേഖലയുടെ പരിധി അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ശബരിമലയിലെ ബഫർസോൺ നിയന്ത്രണങ്ങളിൽ മാറ്റമുണ്ടാകില്ലെന്നാണ് സൂചന.
പുതിയ ഭൂപടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവയ്ക്കു പുറമേ പമ്പയിൽനിന്ന് സന്നിധാനത്തേക്കുള്ള നീലിമല പാതയും പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വാമി അയ്യപ്പൻ പാതയെ ഒഴിവാക്കിയിട്ടില്ല. പമ്പയിൽനിന്ന് പെരുനാട് വരെയുള്ള ശബരിമല പാത ഇപ്പോഴും പരിസ്ഥിതിലോല മേഖലയുടെ പരിധിയിലാണ്. സന്നിധാനത്തേക്കുള്ള ചരക്കുനീക്കവും ഈ പാതയിലൂടെയാണ് നടക്കുന്നത്.
ശബരിമല സ്ഥിതിചെയ്യുന്ന പൂങ്കാവനത്തോടു ചേർന്ന വനമേഖല പെരിയാർ കടുവാസങ്കേതത്തിന്റെ ഭാഗമായതിനാൽ ബഫർസോൺ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ട്. വനാതിർത്തിയിൽനിന്ന് ഒരു കിലോമീറ്റർ ബഫർസോൺ നിർബന്ധമായതിനാൽ ശബരിമലയും പമ്പയും ഈ പരിധിയിൽ ഉൾപ്പെടും.
ഇതോടെ പ്രദേശത്ത് പുതിയ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഉൾപ്പെടെ ആവശ്യമായി വന്നേക്കാം. പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കാനുള്ള ശുപാർശ നടപ്പായാലും ബഫർസോൺ നിയന്ത്രണങ്ങൾ തുടരുന്നത് ശബരിമലയിലെ നിർമാണ പ്രവർത്തനങ്ങളെയും വികസന പദ്ധതികളെയും ബാധിച്ചേക്കും.




