വാടാനപ്പള്ളിയിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതികൾ പിടിയിൽ

തൃശൂർ: വാടാനപ്പള്ളി ഫസൽ നഗറിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ. വാടാനപ്പള്ളി ബീച്ച് സ്വദേശി പടിയത്ത് വീട്ടിൽ ബിൻഷാദ് (38), ഗണേശമംഗലം സ്വദേശി അറക്ക വീട്ടിൽ റയീസ് (23) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം പാലക്കാട് പട്ടാമ്പിയിലെ ഒളിത്താവളത്തിൽനിന്ന് പിടികൂടിയത്. സംഭവത്തിനുശേഷം പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ വാടാനപ്പള്ളി ഗണേശമംഗലം സ്വദേശി ഇരിങ്ങാത്തുരുത്തി വീട്ടിൽ ആൽവിൻഷാ (28)യെയും പൊലീസ് അറസ്റ്റ് ചെയ്തു.

വാടാനപ്പള്ളി ഫസൽ നഗർ ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ അബ്ദുൽസലാം (40) ആണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് രാവിലെ ആറുമണിയോടെ ഫസൽ നഗറിലെ പറമ്പിൽ അബ്ദുൽസലാമിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മരണത്തിൽ സംശയം പ്രകടിപ്പിച്ച് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ വാടാനപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവത്തിന്റെ തലേദിവസം രാത്രി ഫസൽ നഗർ ബീച്ചിലെ ആൾത്താമസമില്ലാത്ത വീട്ടിൽ അബ്ദുൽസലാം ബിൻഷാദിനും മറ്റ് കൂട്ടാളികൾക്കും രണ്ട് കുട്ടികൾക്കുമൊപ്പം ഉണ്ടായിരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ഒരു പ്രതിയെയും രണ്ട് വിദ്യാർഥികളെയും നേരത്തേ പിടികൂടിയിരുന്നു. തുടർന്നുള്ള ഊർജിത അന്വേഷണത്തിനൊടുവിലാണ് ഒളിവിലായിരുന്ന മുഖ്യപ്രതികളായ ബിൻഷാദിനെയും റയീസിനെയും പട്ടാമ്പിയിൽനിന്ന് അറസ്റ്റ് ചെയ്തത്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ടയാളാണ് ബിൻഷാദ്. വാടാനപ്പള്ളി, വടക്കേക്കാട്, ചേർപ്പ്, കാട്ടൂർ, ചാവക്കാട്, കുറ്റിപ്പുറം എന്നീ പൊലീസ് സ്റ്റേഷനുകളിലായി പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കൽ, കവർച്ച, വധശ്രമം, അടിപിടി, മയക്കുമരുന്ന് കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട 37ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്.

കാപ്പ നിയമപ്രകാരം 2022ൽ ആറുമാസവും 2025ൽ ഒരു വർഷവും ബിൻഷാദ് കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിൽ 2020ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഏഴര വർഷം തടവുശിക്ഷ ലഭിച്ചിരുന്ന ഇയാൾ, ജയിലിൽ കഴിയുന്നതിനിടെ കോടതിയിൽനിന്ന് അപ്പീൽ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്.

വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയും പണവും മൊബൈൽ ഫോണും കവർച്ച ചെയ്യുകയും ചെയ്ത കേസിലും എം.ഡി.എം.എയുമായി അറസ്റ്റിലായ കേസിലും റയീസ് പ്രതിയാണ്.

കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ആർ. രതീഷ് കുമാർ, വലപ്പാട് സി.ഐ പി.കെ. പത്മരാജൻ, വാടാനപ്പള്ളി എസ്.എച്ച്.ഒ എസ്.ഐ ഉമേഷ്, ജി.എസ്.ഐ അസീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തൃശൂർ റൂറൽ ഷാഡോ പൊലീസ് ഉദ്യോഗസ്ഥരായ മിഥുൻ ആർ. കൃഷ്ണ, പ്രണവ്, ശരത് എന്നിവരും പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം പൊലീസ് സ്റ്റേഷനുകളിലെ ജി.എസ്.സി.പി.ഒമാരായ ബിജുമോൻ, റിയാസ്, സജീഷ്, മിജേഷ്, ഹരിപ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Related news

നിരാഹാരം 20-ാം ദിവസത്തിലേക്ക്; വളർമതി ഐസിയുവിൽ, എൽ.പി.എസ്.ടി സമരത്തിൽ വീണ്ടും കേസുകൾ

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി...

കൊച്ചി തുറമുഖത്ത് കപ്പലിൽ നിന്ന് പുറത്തുപോയ എഞ്ചിനീയറെ കാണാതായി

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര...

ബസിൽ നഷ്ടമായ ലാപ്ടോപ്പ് രണ്ട് മണിക്കൂറിനുള്ളിൽ തിരിച്ചുകിട്ടി; തുണയായത് ബസ് ജീവനക്കാരുടെ കൂട്ടായ്മ

കൊച്ചി: ആദ്യ ജോലിയുടെ സന്തോഷത്തിൽ കമ്പനി നൽകിയ പുതിയ ലാപ്ടോപ്പുമായി വീട്ടിലേക്ക്...

സ്ത്രീധന പീഡന പരാതി; ഭർത്താവ് നന്ദു വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊല്ലം: നീണ്ടകര സ്വദേശിനിയായ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു...

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....