ചെറുവത്തൂര്‍ : ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ച്
ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം നൂറുകണക്കിനാളുകളെ ഭീതിയിലാഴ്ത്തി. മൂന്ന് ദിവസമായി ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശങ്കയിലായത്. ഭീതിയിലായ ഭൂരിഭാഗം പേരും വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ആദ്യം കൂള്‍ബാറിന്റെ പേര് അറിയാത്തതിനാല്‍ പലരും ചികിത്സതേടാന്‍ നെട്ടോട്ടത്തിലായിരുന്നു. എന്നാല്‍, ‘ഐഡിയല്‍’ എന്ന പേര് പരന്നതോടെ ഇവിടെ നിന്ന് കഴിച്ചവരെല്ലാം പേടിയിലായി.
കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് ഞായറാഴ്ച രാവിലെ മുതല്‍ ചികിത്സതേടിയുള്ള ആളുകളുടെ ഒഴുക്കായിരുന്നു.
പൊതുവെ പെരുന്നാള്‍ തിരക്കിലായിരുന്നു ചെറുവത്തൂര്‍ ടൗണ്‍. അതിനാല്‍ കൂള്‍ബാറില്‍നിന്ന്്
ഭക്ഷണം കഴിച്ചവരുടെ എണ്ണവും കൂടി. എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തിയതും ഭൂരിഭാഗം കൂള്‍ബാറുകളിലും ആള്‍ക്കൂട്ടത്തിനിടയാക്കി. കുട്ടികളാണ് ഭക്ഷണം കഴിച്ചവരില്‍ കൂടുതല്‍. അതിനാല്‍ തന്നെ കടുത്ത ആശങ്കയിലായിരുന്നു രക്ഷിതാക്കളും. പലരും ഛര്‍ദി, തലവേദന, വയറുവേദന എന്നീ അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. 30 ഓളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടിയിട്ടുണ്ട്.ഇതില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചുവെങ്കിലും രക്ഷിതാക്കള്‍ക്ക് ആശങ്ക നീങ്ങിയില്ല.
പെണ്‍കുട്ടി മരിച്ചതറിഞ്ഞ് പ്രതിഷേധക്കാരും കൂട്ടമായി ടൗണില്‍ എത്തിയതോടെ പൊലീസിന് സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാതെയായി. ചിലര്‍ കൂള്‍ബാറിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസും ജനക്കൂട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായി.