കോഴിക്കോട്: സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അനുജൻ ജ്യേഷ്ഠനെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. കൊയിലാണ്ടിക്കടുത്ത് കുറവങ്ങാടാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുറുവങ്ങാട് സ്വദേശി അഫ്‌സീറിനെ (39) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടയിൽ അനുജൻ ജ്യേഷ്ഠന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്‌സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കും അടിയന്തര ശസ്ത്രക്രിയക്കുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




