കൊച്ചി: വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്നും, ആരുടെയും പോരാട്ടത്തെ ചെറുതാക്കി കണ്ടിട്ടില്ലെന്നും നടിയും അവതാരകയുമായ പേളി മാണി. വിവാദങ്ങൾക്ക് മറുപടിയുമായി തന്റെ യൂട്യൂബ് ചാനലിലൂടെയാണ് പേളി 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പങ്കുവെച്ചത്.
വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്നാണ് ആശങ്ക പങ്കുവെച്ച് പോസ്റ്റ് ഇട്ടതെന്ന് പേളി പറഞ്ഞു. വിദ്യാർഥികൾക്ക് തുല്യനീതിയും സുതാര്യമായ വിദ്യാഭ്യാസ സംവിധാനവും ഉറപ്പാക്കണമെന്നും, എന്നാൽ ഏത് പോരാട്ടത്തേക്കാളും വലുതാണ് ജീവനും സുരക്ഷയെന്നും താരം വ്യക്തമാക്കി.
‘FAILED സംവിധായകൻ’ എന്ന ഇൻസ്റ്റഗ്രാം സ്റ്റോറിയുമായി ബന്ധപ്പെട്ട വിവാദത്തിലും പേളി വിശദീകരണം നൽകി. പരാമർശം തെറ്റായിരുന്നുവെന്നും, അതിൽ ഖേദിക്കുന്നുവെന്നും സിബി മലയിലിനോട് മാപ്പ് പറയുന്നതായും താരം പറഞ്ഞു.
സിബി മലയെ ഉദ്ദേശിച്ചല്ല ആ പരാമർശം നടത്തിയതെന്നും, അദ്ദേഹത്തിന്റെ പിതാവും സംവിധായകനുമായ സിബി മലയിൽ മലയാള സിനിമയിലെ പ്രമുഖ വ്യക്തിത്വമാണെന്നും പേളി വ്യക്തമാക്കി. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് താനെന്നും, അത്തരത്തിൽ പറയാൻ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.
തന്റെ യഥാർഥ കുറിപ്പ് നോട്ട് പാഡിൽ തയ്യാറാക്കി കാൻവ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തതെന്നും, അതിൽ കാവി നിറം വന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നില്ലെന്നും പേളി പറഞ്ഞു. കാവി നിറവുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വ്യാഖ്യാനങ്ങൾ തെറ്റാണെന്നും, ഇന്ത്യൻ പതാകയിലെ തനിക്ക് ഇഷ്ടപ്പെട്ട നിറമാണ് കാവിയെന്ന് പറഞ്ഞത് രാഷ്ട്രീയ പ്രസ്താവനയായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
തന്റെ കരിയർ ആരംഭിച്ചത് 18-ാം വയസ്സിലാണെന്നും, പ്രേക്ഷകരുടെ മുന്നിലാണ് താൻ വളർന്നതെന്നും പേളി പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തനിക്ക് സുഹൃത്തുക്കളുണ്ടെന്നും എല്ലാവരെയും ബഹുമാനിക്കുന്നുവെന്നും വ്യക്തമാക്കിയ താരം, തെറ്റുകൾ ചൂണ്ടിക്കാണിക്കാം, എന്നാൽ താനും ഒരു മനുഷ്യനാണെന്ന് മനസ്സിലാക്കണമെന്നും അഭ്യർത്ഥിച്ചു.




