തിരുവനന്തപുരം: പുറത്ത് നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുമെന്ന് കെഎസ്ഇബി. പീക്ക് സമയത്ത് വൈദ്യുതി ആവശ്യകത 500 മെഗാവാട്ട് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.
പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യമായ അളവിൽ വൈദ്യുതി ലഭിക്കാതെ വന്നാൽ വൈകീട്ട് സമയത്ത് നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നാണ് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 89 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്തുനിന്നാണ് വാങ്ങിയത്.
അതേസമയം, സംസ്ഥാനത്തെ അണക്കെട്ടുകളിൽ നിലവിൽ 30 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. വരും വർഷങ്ങളിൽ വൈദ്യുതി ആവശ്യകതയും വിലയും ഉയരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വൈദ്യുതി വാങ്ങൽ കരാറുകളിലേക്ക് കടക്കുകയാണ് കെഎസ്ഇബി.
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ വഴി 200 മെഗാവാട്ട് സോളാർ വൈദ്യുതി വാങ്ങാനുള്ള കരാറിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 2028 ഏപ്രിൽ മുതൽ 25 വർഷത്തേക്കാണ് കരാർ നിലവിൽ വരിക. യൂണിറ്റിന് 2.93 രൂപ നിരക്കിലാണ് വൈദ്യുതി ലഭിക്കുക. പീക്ക് സമയത്ത് നാല് മണിക്കൂർ വൈദ്യുതി ലഭ്യമാക്കുന്ന ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനവും പദ്ധതിയുടെ ഭാഗമാണ്.
ജൂൺ 30ന് മുമ്പ് പദ്ധതി നടപ്പാക്കാനായാൽ സംസ്ഥാനാന്തര ട്രാൻസ്മിഷൻ ചാർജിൽ ഇളവ് ലഭിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. രാത്രിയിലും വൈദ്യുതി ഉപയോഗം ഉയരുന്ന സാഹചര്യത്തിൽ സോളാർ, ബാറ്ററി എനർജി സ്റ്റോറേജ്, ഹൈബ്രിഡ് പവർ പദ്ധതികൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ടെന്നും റഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, ഗ്രിഡിലേക്ക് നൽകുന്ന പുരപ്പുറ സോളാർ വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് 4.34 രൂപയായി ഉയർത്തണമെന്ന ഉത്പാദകരുടെ ആവശ്യം റഗുലേറ്ററി കമ്മീഷൻ തള്ളി. നിലവിലെ യൂണിറ്റിന് 3.26 രൂപ നിരക്ക് തുടരും. പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമ്പോൾ സോളാർ ഉത്പാദകർക്ക് ഉയർന്ന നിരക്ക് നൽകേണ്ട സാഹചര്യമില്ലെന്നായിരുന്നു കെഎസ്ഇബിയുടെ വാദം.




