40 ദിവസം നീണ്ടു നിന്ന ഇസ്രയേൽ – യുഎസ് സംയുക്ത ഇറാൻ ആക്രമണം, പാക് മധ്യസ്ഥയിൽ നടന്ന ചർച്ചയ്ക്കായി രണ്ടാഴ്ചത്തെ വെടി നിർത്തലാക്കിയിരുന്നു. എന്നാൽ, ഇസ്ലാമാബാദിൽ വച്ച് നടന്ന രണ്ട് ദിവസത്തെ ചർച്ച പരാജയമാണെന്ന് പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് രണ്ടാം ദിവസത്തെ ചർച്ച ഒഴിവാക്കി യുഎസിലേക്ക് തിരിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടു. ചർച്ചയിൽ ഒരുവിധത്തിലുമുള്ള ധാരണയുണ്ടായിട്ടില്ലെന്നാണ് യുഎസിലേക്ക് പുറപ്പെടും മുമ്പ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുദ്ധത്തിന് തുടക്കം കുറിച്ച യുഎസിന്‍റെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചിട്ടില്ലെന്നായിരുന്നു ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്.
മാധ്യമങ്ങൾക്കെതിരെ ട്രംപ്
ചർച്ച പരാജയത്തിലേക്ക് നീങ്ങുകയാണെന്ന റിപ്പോർട്ടുകളാണ് വന്നത്. കഴിഞ്ഞദിവസം തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് കുറിച്ചു. ഇറാൻ തോക്കുകയും വലിയ തോൽവി ഏറ്റവാങ്ങുകയുമാണെന്നായിരുന്നു ട്രംപ് കുറിച്ചത്. ഇതിനെത്തുടർന്ന് നിരവധി കുറിപ്പുകൾ ട്രംപ് എഴുതി. വെടിനിർത്തൽ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങൾ ട്രംപ് പരിഹസിച്ചു. മാധ്യമങ്ങൾക്ക് വിശ്വാസ്യത നിഷ്ടപ്പെട്ടെന്നും ഇറാൻ ജയിക്കുന്നുവെന്ന് പറയാൻ അവർ ഇഷ്ടപ്പെടുന്നെന്നും എഴുതിയ ട്രംപ് വാസ്തവത്തിൽ ഇറാൻ വലിയ പരാജയം നേരിടുകയാണെന്നും എഴുതി.
ഹോർമൂസ് വൃത്തിയാക്കാൻ യുഎസ് സൈന്യം
യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ച ലോകത്തെ എണ്ണവിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് സൈന്യം. ഇതിനാവശ്യമായ ജോലികൾ തുടങ്ങിയെന്ന് കുറിച്ച ട്രംപ്. എതാനും ദിവസങ്ങൾക്കുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറക്കുമെന്നും അവകാശപ്പെട്ടു. ഇറാന്‍റെ നാവിക – വ്യോമസേനകളും വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ-ഡ്രോൺ നിർമ്മാണ ശാലകളും യുഎസ് തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ വൻ തോതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ 28 പ്രധാന യുദ്ധ കപ്പലുകൾ കടലിൽ മുക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് വൃത്തിയാക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് യുഎസ് അവർക്ക് ഒരു ഉപകാരം ചെയ്തു കൊടുക്കുന്നതെന്നും ട്രംപ് പരിഹസിച്ചു.
ഭീഷണി ആവർത്തിച്ച് ട്രംപ്
ചർച്ചകൾ നടക്കുമ്പോഴും ഇറാൻ പരാജയപ്പെട്ടെന്ന് നിരന്തരം ആവർത്തിക്കുകയാണ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടതോടെ ഇറാന് സമീപം നിലയുറപ്പിച്ച യുഎസ് സൈന്യം ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ആശങ്കയിലാണ് ലോകം. നേറ്റോയോ മറ്റ് സഖ്യ കക്ഷികളോ ഇതുവരെ യുഎസ് – ഇസ്രയേൽ ആക്രമണത്തെ പിന്തുണയ്ക്കുകയോ ഏതെങ്കിലും രീതിയിലുള്ള സഹായമോ നൽകിയിരുന്നില്ല. എന്നാൽ, ചർച്ച പരാജയപ്പെട്ടതോടെ ഇറാന്‍റെ കടുംപിടിത്തമാണ് യുദ്ധത്തിന് കാരണമെന്ന പ്രതീതി ഉണ്ടാക്കി നേറ്റോ അടക്കനുള്ള സഖ്യകക്ഷികളെ കൂടി യുഎസ് യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ചൈനയ്ക്കെതിരെയും ഭീഷണിയുമായി ട്രംപ്
ഇതിനിടെ ഇറാന് ചൈന സൈനിക സാഹയം നൽകുന്നുണ്ടെന്നും യുഎസ് ആരോപിച്ചിരുന്നു. മാൻപാഡ്‌സ് എന്ന് വിളിക്കുന്ന, തോളിൽ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകൾ ചൈന, ഇറാന് കൈമാറുന്നെന്ന് യുഎസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തു. ആയുധം നേരിട്ട് ഇറാന് കൈമാറാതെ മൂന്നാമതൊരു രാജ്യത്ത് എത്തിച്ച് ഇവിടെ നിന്ന് ഇറാനിലേക്ക് കടത്താനുള്ള ശ്രമമാണ് യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ ട്രംപ് ചൈനയ്ക്ക് നേരെ ഭീഷണി മുഴക്കി. ഇറാന് ചൈന ആയുധം കൈമാറിയാൽ അവർക്ക് വലിയ പ്രശ്നങ്ങളുണ്ടാകും, മനസ്സിലായല്ലോ? എന്നായിരുന്നു ട്രംപിന്‍റെ ഭീഷണി. എന്നാൽ, യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ചൈന പൂർണ്ണമായും തള്ളിക്കളഞ്ഞു.
സൗദിക്ക് പാക് സൈനിക സഹായം
ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാൻ തങ്ങളുടെ സഖ്യ കക്ഷിയായ സൗദി അറേബ്യയിലേക്ക് ഇറാൻറെ ആക്രമണം പ്രതിരോധിക്കുന്നതിനായി 13,000 സൈനികരെയും 10 മുതൽ 18 വരെ യുദ്ധ വിമാനങ്ങളും അടങ്ങുന്ന വലിയൊരു സൈനിക സംഘത്തെ അയച്ചു. പാകിസ്ഥാൻ സൈന്യം തങ്ങളുടെ രാജ്യത്ത് എത്തിയതായി സൗദി സർക്കാരും കഴിഞ്ഞദിവസം സ്ഥിരീകരിച്ചു. പാക് വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സഹായ വിമാനങ്ങളും ഈ സംഘത്തോടൊപ്പമുണ്ടെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.



