കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ. വാഹനം സ്ഥിരമായി അമിതവേഗത്തിൽ ഓടിച്ചതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അപകടത്തിൽ മൂന്ന് പേർ മരിച്ച വിവരം പ്രതികൾ സുഹൃത്തുക്കളെ അറിയിച്ചതിന്റെ നിർണായക ശബ്ദരേഖ കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യാപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും.
അതേസമയം, വാഹനത്തിലുണ്ടായിരുന്നു എന്ന കാരണത്താൽ മാത്രം മറ്റ് പ്രതികൾക്കെതിരെ പ്രേരണക്കുറ്റം എങ്ങനെ നിലനിൽക്കുമെന്ന് കോടതി ചോദിച്ചു. ബസ് ഡ്രൈവർ അമിതവേഗത്തിൽ വാഹനം ഓടിക്കുന്നതിന് സഹയാത്രികർ ഉത്തരവാദികളാണോയെന്നും കോടതി ആരാഞ്ഞു.
പ്രതികൾ അമിതവേഗത്തിലുള്ള യാത്ര ആസ്വദിച്ചിരുന്നുവെന്നും പ്രതി പലതവണ ഇതേ രീതിയിൽ റോഡിലൂടെ വാഹനം ഓടിച്ചതിന് തെളിവുകളുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. അപകടത്തിൽ മൂന്ന് പേർ മരിച്ച വിവരം അറിയിക്കുന്ന ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അപകടത്തിന് പിന്നാലെ സുഹൈൽ ആദ്യം വിളിച്ചത് പിതാവിനെയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
എന്നാൽ, എഫ്‌ഐആറിൽ പ്രതികളുടെ പേരുകൾ ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. സുഹൈലിന്റെ പേര് പരാമർശിക്കാതെ നരഹത്യാക്കുറ്റം ചുമത്തിയെന്നും മതിയായ തെളിവുകളില്ലാതെയാണ് ഗുരുതരമായ വകുപ്പ് ഉൾപ്പെടുത്തിയതെന്നും പ്രതിഭാഗം കോടതിയിൽ പറഞ്ഞു.
അതേസമയം, മരിച്ച ഗോപികയുടെ കുടുംബവും ജാമ്യാപേക്ഷയെ എതിർത്തു. സുഹൈൽ മുമ്പും അപകടമുണ്ടാക്കിയിട്ടുണ്ടെന്നും അന്നത്തെ സംഭവം പിതാവ് ഇടപെട്ട് ഒത്തുതീർപ്പാക്കിയെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പ്രതിക്ക് ഉന്നത സ്വാധീനമുണ്ടെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും കുടുംബം കോടതിയെ അറിയിച്ചു.
ഇരുഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യാപേക്ഷയിൽ മറ്റന്നാൾ വിധി പറയാനായി മാറ്റി.




