തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻ പാറ വീണ് കിണർ തകർന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. കട്ടക്കോട് സ്വദേശി ബിനുവിന്റെ വീടിന് സമീപത്തെ കിണറിന് മുകളിലേക്കാണ് പുരയിടത്തിൽനിന്ന് വലിയ പാറ ഉരുണ്ടുവീണത്. ശക്തമായ ശബ്ദത്തോടെ പാറ പതിച്ചതോടെ കിണർ പൂർണമായും തകർന്നു.
സംഭവസമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. പാറ അൽപംകൂടി ഉരുണ്ടുവന്നിരുന്നെങ്കിൽ വീട് തകരുമായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.
പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഏക കിണറാണ് തകർന്നത്. അപകടസമയത്ത് ബിനുവിനൊപ്പം കിടപ്പുരോഗിയായ അമ്മയും അച്ഛനും വീട്ടിലുണ്ടായിരുന്നു.
വിവരമറിഞ്ഞ് പഞ്ചായത്ത് അംഗം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
അതേസമയം, അപകടം നടന്ന സ്ഥലത്തിന് തൊട്ടുമുകളിലായി മറ്റൊരു വലിയ പാറയും ഏത് നിമിഷവും താഴേക്ക് പതിക്കാവുന്ന നിലയിൽ നിൽക്കുന്നതായി നാട്ടുകാർ പറയുന്നു. ഇതോടെ വലിയ ആശങ്കയിലാണ് കുടുംബവും പരിസരവാസികളും. അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




