ബസിൽ നഷ്ടമായ ലാപ്ടോപ്പ് രണ്ട് മണിക്കൂറിനുള്ളിൽ തിരിച്ചുകിട്ടി; തുണയായത് ബസ് ജീവനക്കാരുടെ കൂട്ടായ്മ

കൊച്ചി: ആദ്യ ജോലിയുടെ സന്തോഷത്തിൽ കമ്പനി നൽകിയ പുതിയ ലാപ്ടോപ്പുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസിൽ ബാഗ് നഷ്ടമായി. എന്നാൽ ബസ് ജീവനക്കാരുടെ കൂട്ടായ്മയുടെ സമയോചിതമായ ഇടപെടലിലൂടെ വെറും രണ്ട് മണിക്കൂറിനുള്ളിൽ ലാപ്ടോപ്പ് സുരക്ഷിതമായി തിരിച്ചുകിട്ടി. ഇൻഫോപാർക്കിൽ ജോലിയിൽ പ്രവേശിച്ച കൊച്ചി സ്വദേശിനിക്കാണ് ഈ അനുഭവം.

ജോലിയിൽ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കമ്പനി നൽകിയ ലാപ്ടോപ്പുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി. ബസിൽ നല്ല തിരക്കായതിനാൽ കൈവശമുണ്ടായിരുന്ന ബാഗ് സീറ്റിലിരുന്ന മറ്റൊരു യാത്രക്കാരിയെ ഏൽപ്പിച്ചു. എന്നാൽ കാക്കനാട് ഇറങ്ങി മറ്റൊരു ബസിൽ കയറാനുള്ള തിരക്കിനിടെ ബാഗ് തിരികെ വാങ്ങാൻ മറന്നുപോയി.

ബാഗ് നഷ്ടമായ വിവരം തിരിച്ചറിഞ്ഞപ്പോഴേക്കും ബസ് പോയിരുന്നു. ബസിന്റെ പേരോ നമ്പറോ അറിയാത്തതിനാൽ പരിഭ്രാന്തയായ യുവതി ഉടൻ തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

തുടർന്ന് തൃക്കാക്കര എസ്ഐ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും തൃക്കാക്കര നഗരസഭാ കൗൺസിലറുമായ കെ.എ. നജീബിനെ വിവരം അറിയിച്ചു.

തുടർന്നായിരുന്നു ബസ് ജീവനക്കാരുടെയും ഉടമകളുടെയും വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം. നഷ്ടപ്പെട്ട ബാഗിന്റെ വിവരങ്ങൾ വിവിധ റൂട്ടുകളിലെ ബസ് ജീവനക്കാർക്ക് കൈമാറി.

അതിനിടെ, യുവതി കാക്കനാട് ഇറങ്ങിയശേഷം മറ്റൊരു സ്ത്രീ ബാഗുമായി ബസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടതായി ഒരു കണ്ടക്ടർ വിവരം നൽകി. ഇവർ പിന്നീട് മറ്റൊരു ബസിൽ കയറിയെന്ന സൂചന ലഭിച്ചതോടെ അന്വേഷണം പള്ളിക്കര ഭാഗത്തേക്കും വ്യാപിപ്പിച്ചു.

എന്നാൽ ബാഗ് കൈവശമുണ്ടായിരുന്ന സ്ത്രീ താൻ യാത്ര ചെയ്ത രണ്ടാമത്തെ ബസിന്റെ സീറ്റിൽ അത് ഉപേക്ഷിച്ച് ഇറങ്ങിപ്പോയിരുന്നു. സീറ്റിൽ ബാഗ് കണ്ടെത്തിയ യാത്രക്കാരൻ ഉടൻ കണ്ടക്ടറെ ഏൽപ്പിച്ചു.

വിവരം ലഭിച്ച കെ.എ. നജീബ് നേരിട്ടെത്തി കണ്ടക്ടറിൽ നിന്ന് ബാഗ് ഏറ്റുവാങ്ങി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചു.

പൊലീസിന്റെ സാന്നിധ്യത്തിൽ ലാപ്ടോപ്പ് അടങ്ങിയ ബാഗ് തിരിച്ചുകിട്ടിയതോടെ യുവതിക്ക് ആശ്വാസമായി. ബസ് ജീവനക്കാരുടെയും പൊലീസിന്റെയും കൂട്ടായ പരിശ്രമത്തിന് നിറകണ്ണുകളോടെയാണ് യുവതി നന്ദി അറിയിച്ചത്.

കൃത്യമായ ഏകോപനവും കൂട്ടായ പ്രവർത്തനവും വഴി നഷ്ടപ്പെട്ട വിലപ്പെട്ട വസ്തു തിരികെ ലഭിച്ച സംഭവം ബസ് ജീവനക്കാരുടെ മാതൃകാപരമായ ഇടപെടലായി മാറി.

Related news

നിരാഹാരം 20-ാം ദിവസത്തിലേക്ക്; വളർമതി ഐസിയുവിൽ, എൽ.പി.എസ്.ടി സമരത്തിൽ വീണ്ടും കേസുകൾ

തിരുവനന്തപുരം: റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാർത്ഥി...

കൊച്ചി തുറമുഖത്ത് കപ്പലിൽ നിന്ന് പുറത്തുപോയ എഞ്ചിനീയറെ കാണാതായി

കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര...

സ്ത്രീധന പീഡന പരാതി; ഭർത്താവ് നന്ദു വിമാനത്താവളത്തിൽ അറസ്റ്റിൽ

കൊല്ലം: നീണ്ടകര സ്വദേശിനിയായ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു...

കണ്ണൂരിൽ ലോഡ്ജിൽ എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ

കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ....

വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: രാമമംഗലം കോട്ടപ്പുറത്ത് വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 71കാരനെ മരിച്ച നിലയിൽ...