കൊല്ലം: നീണ്ടകര സ്വദേശിനിയായ യുവതിയുടെ സ്ത്രീധന പീഡന പരാതിയിൽ ഭർത്താവ് നന്ദു അറസ്റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ചവറ പൊലീസ് പ്രതിയെ പിടികൂടിയത്.
വിദേശത്ത് വെച്ച് ഭർത്താവിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റെന്നാണ് പുത്തൻതുറ സ്വദേശി അഞ്ജുവിന്റെ പരാതി. കുക്കർ, ലാപ്ടോപ്പ്, മൊബൈൽ ചാർജർ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചെന്നും യുവതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഭർത്താവ് നന്ദുവിനും ഭർതൃപിതാവ് ദിനേശ്, ഭർതൃമാതാവ് ജഗതമ്മ എന്നിവർക്കുമെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കഴിഞ്ഞ ജൂൺ 27നായിരുന്നു കൊല്ലം പുത്തൻതുറ സ്വദേശിനിയായ അഞ്ജുവിന്റെയും ചവറ സ്വദേശി നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുൻപുതന്നെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ നിന്ന് ചോദ്യങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നെന്നാണ് യുവതിയുടെ ആരോപണം.
പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ചെന്ന ധാരണയിൽ സൗദിയിലുള്ള ഭർത്താവിന്റെ അടുത്തേക്ക് അഞ്ജു പോയി. എന്നാൽ വിദേശത്തുവെച്ചും ക്രൂരമായ മർദ്ദനം തുടർന്നെന്നാണ് പരാതി.
സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ അഞ്ജു ചവറ പൊലീസിൽ പരാതി നൽകുകയായിരുന്നു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുമായാണ് യുവതി പൊലീസിനെ സമീപിച്ചത്.
കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തി റെക്കോർഡ് ചെയ്ത ശബ്ദരേഖ ഭർത്താവ് പ്രചരിപ്പിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ദേശീയ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. ഭർത്താവിന്റെ അറസ്റ്റോടെ കേസിൽ തുടർനടപടികൾ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.




