കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട കപ്പലിലെ എഞ്ചിനീയറെ കാണാതായതായി പരാതി. മഹാരാഷ്ട്ര സ്വദേശിയായ അബിദ് മുക്ത്യാർ ജീവാലെയെയാണ് കാണാതായത്.
മരുന്ന് വാങ്ങാനായി കപ്പലിൽ നിന്ന് പുറത്തുപോയ ഇദ്ദേഹം തിരികെ എത്തിയില്ലെന്നാണ് സഹപ്രവർത്തകർ പറയുന്നത്. ഈ മാസം 12 മുതലാണ് ഇദ്ദേഹത്തെ കാണാതായത്.
രണ്ട് ദിവസം മുമ്പാണ് കപ്പൽ ഗുജറാത്തിൽ നിന്ന് വില്ലിങ്ടൺ ഐലൻഡിലെത്തിയത്. മരുന്ന് വാങ്ങണമെന്ന് അറിയിച്ചാണ് അബിദ് കപ്പലിൽ നിന്ന് പുറത്തേക്ക് പോയത്. തുടർന്ന് തിരിച്ചെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇന്നലെയും ഇന്നുമായി വ്യാപകമായ തിരച്ചിൽ നടത്തിയിട്ടും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെയാണ് കപ്പൽ അധികൃതർ ഹാർബർ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ഹാർബർ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവരികയാണ്. എഞ്ചിനീയറെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.




