കണ്ണൂർ: ചാലയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുൾപ്പെടെ ഏഴുപേർ പിടിയിൽ. 19കാരിയും 17കാരിയുമടക്കമുള്ള സംഘത്തിൽ നിന്ന് 17.96 ഗ്രാം എംഡിഎംഎയാണ് പൊലീസ് പിടിച്ചെടുത്തത്.
വിദേശത്തുനിന്ന് എത്തിച്ച ലഹരിമരുന്നിന്റെ ഗുണനിലവാരം പരിശോധിച്ച് വില നിശ്ചയിക്കാനാണ് സംഘം ലോഡ്ജിൽ ഒത്തുചേർന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ മാസം ഒമാനിൽ നിന്നെത്തിയ കണ്ണൂർ ഇരിവേരി സ്വദേശി സഹീദിന്റെ കൈവശമുണ്ടായിരുന്ന എംഡിഎംഎയുടെ വില നിശ്ചയിക്കാനാണ് സംഘം ഒത്തുചേർന്നത്. ചാലയിലെ ലോഡ്ജിൽ സംഘം തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധന നടത്തുകയായിരുന്നു.
സഹീദിനെ കൂടാതെ വൈറ്റില സ്വദേശി ഐശ്വര്യ, മുഴപ്പിലങ്ങാട് സ്വദേശി എ.കെ. ഷുഹൂൽ, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി സഞ്ജിത്, ഏഴര സ്വദേശി ഷിഫാദ്, കാടാച്ചിറ സ്വദേശി ഷമീൽ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഐശ്വര്യയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ലഹരിമരുന്ന് കടത്തുന്നതിനായി കാരിയർമാരായി ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. മറ്റുള്ളവർ വിവിധ സ്ഥലങ്ങളിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി.
ലോഡ്ജിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മുഖ്യപ്രതി സഹീദിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്ന് രണ്ടുഗ്രാമത്തോളം എംഡിഎംഎ കൂടി കണ്ടെത്തി.
ലഹരിമരുന്ന് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസും ഗ്ലാസ് കുഴലും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.




