പാലക്കാട് കെഎസ്ആർടിസി ബസ് മോഷണക്കേസിൽ പ്രതി അറസ്റ്റിൽ. മേപ്പറമ്പ് സ്വദേശി ഫാസിലിനെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് പിടികൂടിയത്. കേസിൽ ഇന്ന് വൈകിട്ട് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയായിരുന്നു ഏറെ ചർച്ചയായ മോഷണശ്രമം നടന്നത്. ഡിപ്പോയ്ക്ക് പുറത്തുള്ള പ്രധാന റോഡരികിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസിയുടെ ഓർഡിനറി ബസാണ് പ്രതി സ്റ്റാർട്ട് ചെയ്ത് കൊണ്ടുപോയത്.
പുലർച്ചെ അഞ്ച് മണിയോടെ ഷെഡ്യൂൾ സർവീസിനായി എത്തിയ ജീവനക്കാരാണ് ബസ് കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ബസ് മോഷണം പോയതായി തിരിച്ചറിഞ്ഞ കെഎസ്ആർടിസി ജീവനക്കാർ മറ്റ് വാഹനങ്ങളിൽ പിന്തുടരുകയായിരുന്നു.
ജീവനക്കാർ പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി, നഗരത്തിലെ മംഗളം ടവറിന് സമീപം റോഡരികിൽ ബസ് ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
ഡിപ്പോ പരിസരത്തെയും ബസ് ഉപേക്ഷിച്ച സ്ഥലത്തിനടുത്തുള്ള സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്ന് പിടികൂടിയത്.
പ്രതി ബസ് മോഷ്ടിക്കാൻ മുൻകൂട്ടി പദ്ധതിയിട്ടിരുന്നോയെന്നും, മറ്റേതെങ്കിലും ലക്ഷ്യത്തോടെയാണോ വാഹനം കൊണ്ടുപോയതെന്നും ഉൾപ്പെടെയുള്ള എല്ലാ വശങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.




