മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ വിലയിരുത്തലിനായി നിയോഗിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഏകപക്ഷീയമായി നീക്കി. സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന മുൻ സി.ഡബ്ല്യു.സി ചീഫ് എഞ്ചിനീയർ ടി.കെ. ശിവരാജനെയാണ് മാറ്റിയത്. പകരം ഉത്തർപ്രദേശ് സ്വദേശിയായ പ്രൊഫ. എം.എൽ. ശർമ്മയെ പുതിയ അംഗമായി നിയമിച്ചു ഉത്തരവിറങ്ങി.
വ്യക്തിപരമായ കാരണങ്ങളാൽ ടി.കെ. ശിവരാജനെ ലഭ്യമാകുന്നില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ (NDSA) പുതിയ നടപടി. അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തലിനായി (CDSE) രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയെയാണ് ഇപ്പോൾ പുനഃസംഘടിപ്പിച്ചിരിക്കുന്നത്. ഐ.ഐ.ടി റൂർക്കിയിലെ ഭൂകമ്പ എഞ്ചിനീയറിംഗ് വിഭാഗം പ്രൊഫസറും ഇന്റർനാഷണൽ സെന്റർ ഓഫ് എക്സലൻസ് ഫോർ ഡാംസ് മേധാവിയുമാണ് പുതുതായി നിയമിതനായ പ്രൊഫ. എം.എൽ. ശർമ്മ.
2021-ലെ ഡാം സുരക്ഷാ നിയമപ്രകാരം ഈ വർഷം ജനുവരി 6-നാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ പരിശോധനകൾക്കായി അതോറിറ്റി ആദ്യമായി ഈ പ്രത്യേക സമിതിക്ക് രൂപം നൽകിയത്. നിലവിൽ അംഗങ്ങളുടെ മാറ്റം ഒഴികെ, ജനുവരി 6-ലെ ഉത്തരവിലെ മറ്റ് നിബന്ധനകളിലോ വ്യവസ്ഥകളിലോ യാതൊരുവിധ മാറ്റവുമില്ലെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ ഉത്തരവിന്റെ പകർപ്പുകൾ കേരള അഡീഷണൽ ചീഫ് സെക്രട്ടറിക്കും തമിഴ്നാട് ജലവിഭവ വകുപ്പ് സെക്രട്ടറിക്കും ഔദ്യോഗികമായി കൈമാറിയിട്ടുണ്ട്. പുതുക്കിയ വിദഗ്ധ സമിതി അംഗങ്ങൾ ചെയർമാൻ ബൽരാജ് ജോഷി, പുതിയ അംഗം പ്രൊഫ. എം.എൽ. ശർമ്മ, ഗോപാൽ ധവാൻ, ഗുൽഷൻ രാജ് എന്നിവരാണ്.




