നൈറോബി: സ്വർഗത്തിലെത്താമെന്ന് വിശ്വസിപ്പിച്ച് അനുയായികളെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ കെനിയൻ പാസ്റ്ററും സ്വയംപ്രഖ്യാപിത പ്രവാചകനുമായ പോൾ മക്കെൻസിക്ക് 200 വർഷം തടവുശിക്ഷ. 190 കുട്ടികളെയും ഒരു മുതിർന്ന വ്യക്തിയെയും കൊലപ്പെടുത്തിയ കേസിലാണ് കെനിയൻ കോടതി ശിക്ഷ വിധിച്ചത്.
പട്ടിണിക്കിട്ട് കൊലപ്പെടുത്തിയതിന് 100 വർഷവും നേരിട്ടുള്ള നരഹത്യയ്ക്ക് 100 വർഷവുമാണ് ശിക്ഷ. ജസ്റ്റിസ് ഡയാന കാവെഡ്സ്-മോച്ചാഷെയാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. താൻ ആരെയും പട്ടിണിക്കിടാൻ നിർബന്ധിച്ചിട്ടില്ലെന്നും നിരപരാധിയാണെന്നുമുള്ള മക്കെൻസിയുടെ വാദം കോടതി തള്ളി. കഴിഞ്ഞ മാസം മക്കെൻസിയും 28 കൂട്ടാളികളും കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
‘ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ച്’ എന്ന സഭയിലെ അനുയായികളോടാണ് ലോകാവസാനത്തിന് മുൻപ് യേശുവിനെ കാണാനും സ്വർഗത്തിലെത്താനും പട്ടിണി കിടന്ന് മരിക്കാനും മക്കെൻസി ആഹ്വാനം ചെയ്തത്. കുട്ടികൾക്ക് പോലും ഭക്ഷണവും വെള്ളവും നിഷേധിച്ചിരുന്നു. ഭക്ഷണം മോഷ്ടിക്കാൻ ശ്രമിച്ച കുട്ടികളെ കെട്ടിയിട്ട് മർദിക്കുകയും ഇരുട്ടുമുറികളിൽ പൂട്ടിയിടുകയും ചെയ്തിരുന്നതായി ദൃക്‌സാക്ഷികൾ മൊഴി നൽകി. ചില കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതായും അന്വേഷണത്തിൽ കണ്ടെത്തി.
2023-ൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മക്കെൻസിയെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് തെക്കുകിഴക്കൻ കെനിയയിലെ മാലിൻഡിക്ക് സമീപമുള്ള ഷക്കഹോള വനത്തിൽ നടത്തിയ പരിശോധനയിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ 429-ലധികം മൃതദേഹങ്ങൾ ഇവിടെ നിന്ന് കണ്ടെടുത്തു. ഇതിൽ ഭൂരിഭാഗവും കുട്ടികളുടേതായിരുന്നു. മരണപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.
മക്കെൻസിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നെങ്കിലും 200 വർഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. 1987-നുശേഷം കെനിയയിൽ വധശിക്ഷ നടപ്പാക്കിയിട്ടില്ല. വിധിക്കെതിരെ അപ്പീൽ നൽകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.
2019-ൽ അധികാരികൾ മക്കെൻസിയുടെ പള്ളി അടച്ചുപൂട്ടിയതിനെത്തുടർന്നാണ് അനുയായികളുമായി ഷക്കഹോള വനത്തിലേക്ക് താമസം മാറിയത്. മുൻ ടാക്സി ഡ്രൈവറായിരുന്ന ഇയാൾ കുട്ടികളെ സ്കൂളിൽ അയക്കുന്നതും രോഗം വന്നാൽ ആശുപത്രിയിൽ ചികിത്സ തേടുന്നതും വിലക്കിയിരുന്നു.
വനപ്രദേശത്ത് ബൈബിളിലെ പേരുകൾ നൽകി വിവിധ മേഖലകളായി തിരിച്ചായിരുന്നു അനുയായികളുടെ താമസം. പോളിത്തീൻ ഷീറ്റുകളും ഓടുകളും ഉപയോഗിച്ചുള്ള താൽക്കാലിക വീടുകളിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സംഭവത്തിൽ ഭരണകൂടത്തിന്റെയും അന്വേഷണ ഏജൻസികളുടെയും വീഴ്ചകളെക്കുറിച്ചും കോടതി നിരീക്ഷണം നടത്തി.




