കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ അടിയന്തര നടപടികളുമായി ഗതാഗത വകുപ്പ്. ബസുകളുടെ സമയക്രമം ശാസ്ത്രീയമായി പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. എറണാകുളം കാക്കനാട് ഇൻഫോപാർക്കിന് സമീപം സ്വകാര്യ ബസിടിച്ച് യുവതി അക്ഷര മരിച്ച സംഭവത്തിനും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനും പിന്നാലെയാണ് സർക്കാർ നടപടി.
ബസുകളുടെ ടൈമിംഗ് പുനഃക്രമീകരിക്കാൻ ആർടിഒമാർ പരിശോധന നടത്തും. എറണാകുളം നഗരത്തിൽ ഒരു കിലോമീറ്റർ പിന്നിടാൻ രണ്ടര മിനിറ്റാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ഇത് അപര്യാപ്തമാണെന്നും യാഥാർഥ്യബോധത്തോടെ സമയക്രമം പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 15 മുതൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സേഫ്റ്റി മിഷൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകൾ മാത്രമല്ല, മറ്റ് വാഹനങ്ങളും അമിതവേഗത്തിൽ സഞ്ചരിക്കുന്നുണ്ടെന്നും ചേരാനല്ലൂർ അപകടം ഉൾപ്പെടെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി മന്ത്രി വ്യക്തമാക്കി. അതേസമയം, എല്ലാ ഡ്രൈവർമാരെയും ഒരാഴ്ചയ്ക്കകം ക്യുആർ കോഡ് അധിഷ്ഠിത സ്മാർട്ട് ഐഡി സംവിധാനത്തിന് കീഴിൽ കൊണ്ടുവരണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
അക്ഷരയുടെ മരണത്തിന് പിന്നാലെ റോഡ് സുരക്ഷയെക്കുറിച്ച് വൈകാരിക പ്രതികരണവുമായി പിതാവ് ഓമനക്കുട്ടനും രംഗത്തെത്തി. തന്റെ മകൾക്ക് സംഭവിച്ചത് ഇനി മറ്റാർക്കും ഉണ്ടാകരുതെന്നാണ് അദ്ദേഹം പറഞ്ഞത്. റോഡിലെ നിയമലംഘനങ്ങൾ അവസാനിക്കണമെന്ന പ്രതീക്ഷ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും അദ്ദേഹം പ്രതികരിച്ചു.
ഹൈക്കോടതിയുടെ ഇടപെടൽ ആശാവഹമാണെന്നും ഇനിയെങ്കിലും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ബസ് ഉടമകൾ ഉറപ്പുവരുത്തണമെന്നും അക്ഷരയുടെ കുടുംബം ആവശ്യപ്പെട്ടു. അക്ഷരയുടെ മരണം ഉയർത്തിയ ആശങ്കകൾക്കും കോടതിയുടെ ഇടപെടലിനും പിന്നാലെ റോഡ് സുരക്ഷാ നടപടികൾ ശക്തമാക്കാനാണ് സർക്കാർ നീക്കം.




