മന്ത്രി എം. ലിജു സഹോദരതുല്യൻ; ഒരു ആനുകൂല്യത്തിനും സമീപിച്ചിട്ടില്ല: റോമ ബാർ ഉടമ

കായംകുളം: എക്സൈസ് ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കായംകുളം റോമ സെന്റർ ബാർ ഉടമ രതീഷ് കുമാർ. എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനമെന്താണെന്ന് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്ന ഉദ്യോഗസ്ഥനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഉദ്യോഗസ്ഥനെ മാധ്യമങ്ങളിലൂടെയാണ് കണ്ടിട്ടുള്ളതെന്നും രതീഷ് കുമാർ പറഞ്ഞു.

മന്ത്രി എം. ലിജുവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം സഹോദരതുല്യനാണെന്നും രതീഷ് കുമാർ വ്യക്തമാക്കി. മന്ത്രി തന്റെ മണ്ഡലത്തിലെ എംഎൽഎ കൂടിയാണ്. എന്നാൽ ഒരു ആനുകൂല്യത്തിനും മന്ത്രിയെ സമീപിച്ചിട്ടില്ല. മന്ത്രി പദവിയിലെത്തുന്നതിന് മുമ്പ് തന്നെ എം. ലിജുവിനെ പരിചയമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, എക്സൈസ് വകുപ്പിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ് സീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. എക്സൈസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നും ബാർ ഉടമകളുമായി വകുപ്പ് മന്ത്രിക്ക് ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം.

ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് ആലപ്പുഴയിലെ ബാർ ഉടമയിൽ നിന്ന് 30,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് റിപ്പോർട്ടിലെ ആരോപണം. ലൈസൻസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ ഗംഗാ ബാറിൽ നിന്ന് 50,000 രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെപ്യൂട്ടി കമ്മീഷണർ അജയ് കായംകുളത്തെ റോമ സെന്റർ ബാറിൽ നിന്ന് 30,000 രൂപ വാങ്ങിയെന്നും ആരോപണമുണ്ട്. ഇരുവരെയും അടിയന്തരമായി ഫീൽഡ് പോസ്റ്റുകളിൽ നിന്ന് മാറ്റണമെന്നും സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

റോമ ബാർ ഉടമയ്ക്ക് മന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മന്ത്രി ആവശ്യപ്പെട്ടാൽ കൈക്കൂലി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ലഭിക്കുമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. എക്സൈസ് ഇൻസ്പെക്ടർ, സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ സ്ഥലംമാറ്റം, നിയമനം തുടങ്ങിയ ഉത്തരവുകളിൽ ഉന്നതതല ഇടപെടലുകൾ നടക്കുന്നതിലുള്ള അതൃപ്തിയും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആരോപണങ്ങൾ അന്വേഷിക്കുമെന്ന് മന്ത്രി എം. ലിജു പ്രതികരിച്ചു. റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നെങ്കിൽ നേരത്തെ തന്നെ അന്വേഷണം നടത്താമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

Related news

LPST സമരത്തിന് വീണ്ടും പൊലീസ് നോട്ടീസ്; ഫ്ലക്സുകൾ 24 മണിക്കൂറിനകം നീക്കണം

തിരുവനന്തപുരം: LPST സമരസമിതി കൺവീനർ എസ്. വളർമതിക്ക് വീണ്ടും പൊലീസ് നോട്ടീസ്....

കായികമേള ഭക്ഷണ വിവാദം; ‘ജീവനുള്ള പുഴുവെന്ന് പറഞ്ഞതിന് തെളിവുണ്ടോ?’; വിശദീകരണവുമായി ജിജോ ജെയിംസ്

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണത്തിൽനിന്ന് പുഴുവിനെ ലഭിച്ചെന്ന ആരോപണത്തിൽ വിശദീകരണവുമായി...

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ സർക്കാർ; ടൈമിംഗ് ശാസ്ത്രീയമായി പരിഷ്കരിക്കും

കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് തടയിടാൻ അടിയന്തര നടപടികളുമായി ഗതാഗത വകുപ്പ്....

ഇരുതലമൂരിയെന്ന് സംശയം; പിടികൂടിയത് വിഷമില്ലാത്ത കവചവാലനെ

ചാരുംമൂട്: താമരക്കുളത്ത് ഇരുതലമൂരിയെന്ന് സംശയിച്ച് പിടികൂടിയ പാമ്പ് വിഷമില്ലാത്ത കവചവാലനാണെന്ന് വനപാലകർ...

റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് ട്രൈബ്യൂണൽ

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന്...