കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അപകടമുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ. നിയമവിരുദ്ധമായി ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്നും ഇത്തരം അപകടങ്ങൾക്ക് റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ നഷ്ടപരിഹാര അപേക്ഷ തള്ളിയാണ് ഉത്തരവ്.
കൊല്ലം-എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ വീണ് പരിക്കേറ്റെന്നായിരുന്നു തോമസ് ജോണിന്റെ വാദം. അപകടത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘകാലം ചികിത്സ തേടിയെന്നും പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രൈബ്യൂണലിനെ സമീപിച്ചത്.
എന്നാൽ, പ്ലാറ്റ്ഫോമുകളിലേക്ക് പോകാൻ ഫുട് ഓവർ ബ്രിഡ്ജ് ഉണ്ടായിരുന്നിട്ടും അത് ഉപയോഗിക്കാതെ റെയിൽവേ ട്രാക്കിലൂടെ കടന്നുപോയതാണ് അപകടത്തിന് കാരണമെന്ന് റെയിൽവേ വാദിച്ചു. യാത്രയ്ക്കിടെ സംഭവിക്കുന്ന അപ്രതീക്ഷിത അപകടങ്ങൾക്കാണ് നഷ്ടപരിഹാരത്തിന് അർഹതയെന്നും നിയമലംഘനം മൂലമുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാവില്ലെന്നും റെയിൽവേ ചൂണ്ടിക്കാട്ടി.
റെയിൽവേയുടെ വാദങ്ങളും ലഭ്യമായ തെളിവുകളും പരിഗണിച്ചാണ് ട്രൈബ്യൂണൽ തോമസ് ജോണിന്റെ അപേക്ഷ തള്ളിയത്.




