മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ, രാജിവച്ച സിപിഐഎം നഗരസഭാ അംഗവും മലപ്പുറം സെന്റ്. ജെമ്മാസ് സ്‌കൂളില്‍ നിന്നും വിരമിച്ച അധ്യാപകനുമായ കെ വി ശശികുമാറിനെതിരായ കൂടുതല്‍ പീഡന പരാതികളില്‍ പൊലീസ് അഞ്ച് പേരുടെ കൂടി മൊഴിയെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഇയാള്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അഞ്ച് യുവതികളുടെ മൊഴിയാണ് എടുത്തതെന്ന് മലപ്പുറം വനിതാ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ പറഞ്ഞു.
ഇവര്‍ക്കിപ്പോള്‍ 40 വയസിന് മുകളില്‍ പ്രായമുണ്ട്. പോക്‌സോ വരുന്നതിന് മുമ്പാണ് ഈ ലൈംഗികാതിക്രം നടന്നത് എന്നതിനാല്‍ ഇവരുടെ പരാതിയില്‍ ഏത് വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന കാര്യത്തില്‍ നിയമോപദേശം തേടിയിരിക്കുകയാണ്. 2012ലാണ് പോക്‌സോ നിയമം നിലവില്‍ വന്നത്. ഇവരെ കൂടാതെ ഒരു സാക്ഷിയുടെ കൂടി മൊഴിയെടുത്തിട്ടുണ്ട്.
നിലവില്‍ 22 വയസുള്ള യുവതിയുടെ പരാതിയിലാണ് ശശികുമാറിനെതിരെ പോക്‌സോ കേസ് ചുമത്തിയത്. ഈ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ പരാതിയാണ് ഇയാളുടെ അറസ്റ്റിനാധാരം. ഈ കേസില്‍ ഇയാളെ ഈ മാസം 28വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണെന്നും എസ്‌ഐ അറിയിച്ചു.