തിരുവനന്തപുരം: ബേക്കറികൾ വഴി വീര്യം കൂടിയ ഹോർട്ടിവൈൻ വിൽപ്പന അനുവദിച്ച തീരുമാനം റദ്ദാക്കാൻ സർക്കാർ നടപടി തുടങ്ങി. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അനുമതിയില്ലാതെയാണ് തീരുമാനമെടുത്തതെന്ന റിപ്പോർട്ടുകൾക്കിടെ, ഉത്തരവിലേക്ക് നയിച്ച നടപടിക്രമങ്ങളിൽ അന്വേഷണം നടത്താനും സർക്കാർ നീക്കമാരംഭിച്ചു.
ഉദ്യോഗസ്ഥ തലത്തിൽ എങ്ങനെയാണ് തീരുമാനമുണ്ടായതെന്ന് പരിശോധിക്കും. അബ്കാരി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെതിരെ നടപടിയുണ്ടായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയിൽനിന്ന് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
ബേക്കറികൾ വഴി വീര്യം കൂടിയ വൈൻ വിൽക്കാനുള്ള തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. സർക്കാരിന്റെ നയപരമായ വിഷയങ്ങളിൽ ഉദ്യോഗസ്ഥർ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിൽ മുഖ്യമന്ത്രിക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വൈൻ വിൽപ്പന സംബന്ധിച്ച തീരുമാനം വലിയ ആശങ്കയുണ്ടാക്കിയതായി മന്ത്രി സർക്കാരിനെ അറിയിച്ചതിന് പിന്നാലെയാണ് തീരുമാനം റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചത്.
നിലവിലെ തീരുമാനപ്രകാരം ഹൈപ്പർ സൂപ്പർമാർക്കറ്റുകൾക്കും കുറഞ്ഞത് 100 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ബേക്കറികൾക്കും വീര്യം കൂടിയ ഹോർട്ടിവൈൻ വിൽക്കാൻ അനുമതി നൽകുന്ന വ്യവസ്ഥയാണ് ഉൾപ്പെടുത്തിയിരുന്നത്.
വിൽപ്പനാനുമതിയുമായി ബന്ധപ്പെട്ട ഉത്തരവ് പുനഃപരിശോധിക്കുന്നതിനൊപ്പം, തീരുമാനമെടുത്ത ഉദ്യോഗസ്ഥരുടെ പങ്കും നടപടിക്രമങ്ങളുടെ നിയമസാധുതയും സർക്കാർ പരിശോധിക്കുമെന്നാണ് റിപ്പോർട്ടുകൾ.




