ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച അച്ഛനും മകനും കെ.എസ്.ആര്‍.ടി.സി. ബസിടിച്ചു മരിച്ച കേസില്‍ ഡ്രൈവര്‍ വിളപ്പില്‍ശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ.സുധാകരനെ നാലു വര്‍ഷം കഠിനതടവിനും നാലുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം. ബസിന്റെ കണ്ടക്ടര്‍ പേരുകാവ് പാവച്ചകുഴി ശ്രീമന്ദിരത്തില്‍ ആര്‍.ഡി.പ്രശാന്തനെ ഒരു ദിവസത്തേക്കും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂന്‍ മോഹനാണ് വിധി പറഞ്ഞത്.
കൊച്ചുവേളി ഐ.എം.എസ്. ഭവനില്‍ പാട്രിക്കിനെയും മകന്‍ ശ്രീജിത്തിനെയും 2012 ഒക്ടോബര്‍ 30ന് വൈകീട്ട് 6.30നാണ് പാറ്റൂര്‍ സെമിത്തേരിക്കു സമീപത്തുെവച്ച് ബസ് ഇടിച്ചത്. ഇവരെ തട്ടിയിട്ട ശേഷം ശരീരത്തിലൂടെ കയറിയിറങ്ങിയെങ്കിലും ബസ് നിര്‍ത്താതെ പോയി. അപകടം നടന്ന വിവരം വേ ബില്ലില്‍ എഴുതാതെ കൃത്രിമം കാണിച്ച പ്രതികള്‍, വെള്ളക്കെട്ടുകളിലൂടെ വാഹനമോടിച്ച് ടയറില്‍ പറ്റിയിരുന്ന രക്തക്കറ കഴുകിക്കളയുകയും ചെയ്തു. കിഴക്കേക്കോട്ടയില്‍നിന്ന് കഴക്കൂട്ടം ഭാഗത്തേക്കു പോകുകയായിരുന്ന ബസാണ് അപകടത്തിനിടയാക്കിയത്.
അമിതവേഗത്തില്‍ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതികള്‍, മനുഷ്യത്വരഹിതമായാണ് മരണപ്പെട്ട അച്ഛനോടും മകനോടും പെരുമാറിയതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എല്‍.ഹരീഷ് കുമാര്‍, എം.ഐ.സുധി എന്നിവര്‍ ഹാജരായി.