കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിയുടെ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ നാടിനെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ചാരായവുമായി സ്കൂളിലെത്തിയ വിദ്യാർത്ഥി മറ്റ് കുട്ടികൾക്ക് നിർബന്ധിച്ച് മദ്യം നൽകാറുണ്ടായിരുന്നുവെന്ന് സഹപാഠി വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് സഹപാഠിയായ വിദ്യാർത്ഥി സ്കൂളിനുള്ളിലെ ലഹരി ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്.
മദ്യം കഴിച്ച ശേഷം ഈ വിദ്യാർത്ഥി മറ്റ് കുട്ടികളെ ഉപദ്രവിക്കുകയും ക്ലാസ് മുറിയിൽ ബഹളമുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് സഹപാഠി പറയുന്നു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ ക്ലാസിൽ വെച്ച് ഛർദ്ദിച്ചിട്ടുണ്ട്. ചില ദിവസങ്ങളിൽ കുട്ടികൾ ആടിയാടിയാണ് ക്ലാസിലേക്ക് എത്താറുള്ളത്. പണം വാങ്ങിയല്ല ഇയാൾ മറ്റുള്ളവർക്ക് മദ്യം നൽകിയിരുന്നത്. സ്കൂളിന് സമീപത്തെ പുഴക്കരയിൽ വെച്ചും സ്കൂൾ ബാത്റൂമിൽ വെച്ചുമാണ് പ്രധാനമായും മദ്യപാനം നടക്കുന്നത്. ഇന്റർവെൽ സമയങ്ങളിൽ മദ്യപിച്ച ശേഷം ഇവർ ക്ലാസിലിരുന്ന് ഉറങ്ങാറാണ് പതിവ്. മദ്യം കഴിക്കുന്ന കുട്ടികൾ ഒരു പ്രത്യേക കൂട്ടമായാണ് നടക്കാറുള്ളത്. അധ്യാപകർ അറിയാതിരിക്കാൻ ഇവർ ആംഗ്യഭാഷയിലാണ് മദ്യത്തെക്കുറിച്ച് സംസാരിക്കാറുള്ളത്. ഈ വിവരം പുറത്തുപറയരുതെന്ന് മറ്റ് കുട്ടികളെ ഭീഷണിപ്പെടുത്താറുണ്ടെന്നും, സ്വന്തം ക്ലാസിലെ കുട്ടികൾക്ക് പുറമെ മറ്റ് ക്ലാസുകളിലെ കുട്ടികൾക്കും ഇയാൾ മദ്യം നൽകിയിട്ടുണ്ടെന്നും സഹപാഠി വ്യക്തമാക്കി.
അതേസമയം, സംഭവത്തിൽ പോലീസിന്റെ അന്വേഷണത്തിലും നിർണ്ണായക വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. സ്കൂളിൽ ചാരായവുമായെത്തിയ കുട്ടിയെ രണ്ടാനച്ഛൻ മദ്യക്കടത്തിനായുള്ള ‘കാരിയറായി’ ഉപയോഗിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. രഹസ്യകേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താൻ രണ്ടാനച്ഛൻ തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് കുട്ടി പോലീസിന് മൊഴി നൽകി. കുട്ടിയെ രണ്ടാനച്ഛൻ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം ഈ കുട്ടിയുടെ സംരക്ഷണം പോലീസ് ഏറ്റെടുത്തിരുന്നതാണ്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ വിളിക്കാൻ പോലീസ് കുട്ടിക്ക് സ്വന്തം നമ്പറും കൈമാറിയിരുന്നു. ഇതിനിടയിലാണ് കുട്ടിയെ ലഹരിക്കടത്തിന് ഇയാൾ ദുരുപയോഗം ചെയ്തത്.
സംഭവത്തിൽ പ്രതികരണവുമായി സ്കൂളിലെ പിടിഎ പ്രസിഡന്റും രംഗത്തെത്തി. ഈ വിദ്യാർത്ഥി സ്കൂളിലേക്ക് മദ്യവുമായി വരുന്നത് ഇത് മൂന്നാം തവണയാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. സഹപാഠികൾക്ക് നൽകാനാണ് കുട്ടി മദ്യം കൊണ്ടുവന്നിരുന്നത്. ഇന്റർവെൽ സമയങ്ങളിൽ മദ്യം നൽകിയപ്പോൾ ചില കുട്ടികൾ അത് നിരസിക്കുകയും അധ്യാപകരെ വിവരമറിയിക്കുകയും ചെയ്തതോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞതെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




