കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം വിട്ടുനൽകുന്നതിൽ അനിശ്ചിതത്വം. പൊലീസിന്റെ അനുമതി സംബന്ധിച്ച ആശയക്കുഴപ്പം കുടുംബത്തെ പ്രതിസന്ധിയിലാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തമിഴ്‌നാട് ചിദംബരം സ്വദേശിയായ 72 വയസ്സുകാരൻ നടേശന്റെ മൃതദേഹമാണ് വിട്ടുനൽകുന്നതിൽ തടസം നേരിടുന്നത്.
മരണവിവരം അറിഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിയെങ്കിലും, പൊലീസിന്റെ അനുമതി ലഭിക്കാതെ മൃതദേഹം കൈമാറാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
എന്നാൽ അനുമതി നൽകേണ്ടത് ഏത് പൊലീസ് സ്റ്റേഷനാണെന്ന കാര്യത്തിലാണ് ഇപ്പോൾ ആശയക്കുഴപ്പം നിലനിൽക്കുന്നത്. കോട്ടയ്ക്കൽ പൊലീസ് തിരൂരങ്ങാടി പൊലീസാണ് അനുമതി നൽകേണ്ടതെന്ന് വ്യക്തമാക്കിയപ്പോൾ, തിരൂരങ്ങാടി പൊലീസ് കോട്ടയ്ക്കൽ പൊലീസാണ് നടപടിയെടുക്കേണ്ടതെന്ന് അറിയിച്ചതായി ബന്ധുക്കൾ പറയുന്നു.
നടേശൻ ദീർഘകാലമായി കോട്ടയ്ക്കലിൽ താമസിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. മരണത്തിന് മുമ്പ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ഈ സാഹചര്യത്തിൽ മൃതദേഹം വിട്ടുനൽകുന്നതിനുള്ള അനുമതി എവിടെ നിന്ന് ലഭിക്കണമെന്നതിൽ വ്യക്തതയില്ലാത്തതാണ് കുടുംബത്തെ ആശങ്കയിലാക്കിയത്.
അതേസമയം, വിഷയത്തിൽ അടിയന്തരമായി ഇടപെടുമെന്ന് കോട്ടയ്ക്കൽ നഗരസഭ ചെയർപേഴ്സൺ കെ.കെ. നാസർ അറിയിച്ചു. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുമായി ഉടൻ ബന്ധപ്പെടുമെന്നും നടപടികൾ വേഗത്തിലാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.




