റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി കുടുംബം റിയാദിലെത്തി. ഉമ്മയും സഹോദരനും അമ്മാവനും റിയാദില്‍ എത്തിയത് മോചനം വൈകുന്ന സാഹചര്യത്തിലാണ്. കുടുംബം സൗദിയിലേക്ക് പുറപ്പെട്ടത് അബ്ദുറഹീമിന്റെ ഉമ്മ ഫാത്തിമയുടെ ആഗ്രഹപ്രകാരമാണ്. അബ്ദുറഹീമിന്റെ മോചന ഉത്തരവ് കഴിഞ്ഞ ദിവസം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സിറ്റിംഗ് നടന്നുവെങ്കിലും മോചന ഉത്തരവ് ഉണ്ടായില്ല. മോചന ഉത്തരവ് വധശിക്ഷ റദ്ദാക്കിയ ബെഞ്ച് തന്നെ പുറത്തിറക്കും എന്നായിരുന്നു അറിയിപ്പ്. മകനായി ഇനി കാത്തിരിക്കാനാകില്ലെന്ന് ഉമ്മ പറഞ്ഞതോടെ കുടുംബം യാത്ര തിരിക്കുകയായിരുന്നു.
റഹീമിന്റെ ഉമ്മ ഫാത്തിമ, സഹോദരന്‍ നസീര്‍, അമ്മാവന്‍ എന്നിവരാണ് സൗദിയില്‍ എത്തിയത്. ഉംറ തീര്‍ത്ഥാടനത്തിനു ശേഷമാകും ജയിലില്‍ എത്തി റഹീമിനെ കാണുക. ജയിലിലെ നടപടികളും ഇതിനായി പുരോഗമിക്കുകയാണ്.
അബ്ദു റഹീം കഴിഞ്ഞ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. കൊലക്കുറ്റം ചുമത്തപ്പെട്ടു 2006ലാണ് റഹീം ജയിലിലാകുന്നത്. ഇയാള്‍ക്ക് അന്ന് 26 വയസായിരുന്നു പ്രായം. െ്രെഡവര്‍ വിസയില്‍ സൗദിയിലെത്തിയ റഹീമിന് സ്‌പോണ്‍സറുടെ, ചലനശേഷി നഷ്ടപ്പെട്ട മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. 2006 ഡിസംബര്‍ 24ന് ഫായിസിനെ കാറില്‍ കൊണ്ടുപോകുന്നതിനിടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ കൈ അബദ്ധത്തില്‍ തട്ടുകയും, ഇതേതുടര്‍ന്നു ബോധരഹിതനായ ഫായിസ് വൈകാതെ മരിക്കുകയുമായിരുന്നു.
സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി കേസില്‍ വധശിക്ഷ വിധിക്കുകയും ചെയ്തു. യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്‍ പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്‍കാന്‍ തയ്യാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്‍ മാപ്പുനല്‍കാന്‍ ഫായിസിന്റെ കുടുംബം സമ്മതിച്ചത്.