പറവൂർ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയ സംഭവത്തിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പറവൂർ പോലീസ് കേസെടുത്തു.
കള്ള് കഴിച്ച് മടങ്ങുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി.
ശനിയാഴ്ചയാണ് പതിനാറുകാരികളായ രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. ഇവിടെനിന്ന് കള്ള് കഴിച്ചശേഷം മൂവരും ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾക്ക് അമിതമായി ഛർദിയുണ്ടായി.
മുനമ്പം ഭാഗത്ത് ബസ് ഇറങ്ങിയതിന് പിന്നാലെ പെൺകുട്ടി തളർന്നുവീണു. വിവരമറിഞ്ഞ് മുനമ്പം പോലീസ് സ്ഥലത്തെത്തി കുട്ടികളെ ബന്ധുക്കൾക്കൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ അമിതമായി കള്ള് കഴിച്ചതാണ് ഛർദിക്കും മറ്റ് അസ്വസ്ഥതകൾക്കും കാരണമായതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു.
തുടർന്ന് കുട്ടികളുടെ ബന്ധുക്കൾ പറവൂർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ കേസെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




