കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊലക്കേസിൽ പ്രതികളുടെ രഹസ്യ വിചാരണ ആവശ്യപ്പെട്ടുള്ള അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ജഡ്ജി കെ.കെ. ബാലകൃഷ്ണനാണ് അപേക്ഷയിൽ വിധി പറഞ്ഞത്.
പരസ്യവിചാരണ ഭാവിജീവിതത്തെ ബാധിക്കുമെന്നും സാക്ഷിമൊഴികൾ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാൽ, രഹസ്യവിചാരണ ഒരു തരത്തിലും അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. വിചാരണ റിപ്പോർട്ട് ചെയ്യുകയെന്നത് മാധ്യമപ്രവർത്തകരുടെ അവകാശമാണെന്നും അത് യാതൊരു കാരണവശാലും നിഷേധിക്കാൻ പാടില്ലെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് വ്യക്തമാക്കി. പ്രതിഭാഗത്തിന്റെ എല്ലാ വാദങ്ങളും പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന അഭിമന്യു കൊല്ലപ്പെട്ടത്. ആകെ 16 പ്രതികളുള്ള കേസിൽ, സംഭവം നടന്ന് എട്ടു വർഷത്തിനുശേഷമാണ് വിചാരണ ഒക്ടോബർ 15-ന് ആരംഭിക്കുന്നത്.




