തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ട റെയ്ഡിനിടെ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഐ.പി ബിനു അടക്കം ഏഴ് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
ഐ.പി ബിനു, രേവന്ത്, ലെനിൻ രാജ്, നന്ദു. ജി. ആർ, രാഹുൽരാജൻ, വൈശാഖ്, രാഹുൽ എന്നിവരെയാണ് കോടതി കസ്റ്റഡിയിൽ വിട്ടത്. പ്രതിപ്പട്ടികയിലുള്ള ഐ.പി ബിനുവിന് രക്തസമ്മർദമുള്ളതിനാൽ ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ വസതിയിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. മെയ് 27-നായിരുന്നു വീണാ വിജയന്റെ എക്സാലോജിക് കമ്പനിയും സി.എം.ആർ.എല്ലും തമ്മിലുള്ള മാസപ്പടി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇഡി എട്ട് മണിക്കൂറോളം നീണ്ട മിന്നൽ പരിശോധന നടത്തിയത്.
മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനുള്ള നിയമപരമായ തടസ്സങ്ങൾ ഹൈക്കോടതി നീക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ റെയ്ഡ്. പരിശോധനകൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ പുറത്തേക്ക് മടങ്ങവെ, ഇവർ സഞ്ചരിച്ച വാഹനങ്ങൾ സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകർ വളയുകയും കാറുകൾ അടിച്ച് തകർക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോൾ ഐ.പി ബിനു അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.




