ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര വാഹനങ്ങൾ കടത്തിയ കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്തേക്കും. ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ച കൂടുതൽ വാഹനങ്ങൾ ദുൽഖറിന്റെ കൈവശമുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. നാല് വാഹനങ്ങൾ കൂടി അന്വേഷണ പരിധിയിലുണ്ടെന്നും അവയുടെ രേഖകൾ ഹാജരാക്കാൻ കസ്റ്റംസ് നിർദേശിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
രേഖകൾ പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം. ഇന്നലെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ നടന്ന ചോദ്യം ചെയ്യൽ ഏഴ് മണിക്കൂറിലേറെ നീണ്ടിരുന്നു.
നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങളാണെന്ന് അറിയാതെയാണ് വാങ്ങിയതെന്നും, വാഹനക്കടത്ത് റാക്കറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ദുൽഖർ മൊഴി നൽകിയതായി വിവരമുണ്ട്. കൈവശമുള്ള വാഹനങ്ങൾക്കെല്ലാം നിയമാനുസൃത രേഖകളുണ്ടെന്നും അദ്ദേഹം കസ്റ്റംസിനെ അറിയിച്ചു.
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട റെയ്ഡിൽ ദുൽഖറിന്റെ നിസ്സാൻ പട്രോൾ, ഡിഫൻഡർ, ലാൻഡ് ക്രൂയിസർ എന്നിവ നേരത്തെ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഇതിൽ ‘ലക്കി ഭാസ്കർ’ സിനിമയിൽ ഉപയോഗിച്ച നിസ്സാൻ പട്രോൾ കളമശ്ശേരിയിലെ ഷോറൂമിൽ നിന്നാണ് പിടിച്ചെടുത്തത്.
അതേസമയം, പിടിച്ചെടുത്ത ഡിഫൻഡർ വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ദുൽഖർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം ഉടമകൾക്ക് വിട്ടുനൽകാൻ കഴിയുമെന്നും, വിട്ടുനൽകുന്നില്ലെങ്കിൽ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ‘ഓപ്പറേഷൻ നുംഖോർ’ എന്ന അന്വേഷണത്തിന്റെ ഭാഗമായി മുഖ്യസൂത്രധാരനെന്ന് കരുതുന്ന ബിശ്വദീപ് ദാസ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റംസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ രേഖകളുടെ സഹായത്തോടെ വിദേശ നിർമിത സെക്കൻഡ് ഹാൻഡ് ആഡംബര വാഹനങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് വിൽപ്പന നടത്തിയ ശൃംഖലയെക്കുറിച്ചാണ് അന്വേഷണം തുടരുന്നത്.




