അനന്ത്‌നാഗ് ജില്ലയിലെ വനമേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ജമ്മു കാശ്മീരിലെ ബന്ദിപ്പോരയിലും ശ്രീനഗറിലെ ഖാന്‍യാറിലും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ മേഖലയില്‍ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. ഒളിച്ചിരിക്കുന്ന ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തു. ശ്രീനഗറിലെ ഭീകരരുടെ താവളം സൈന്യം വളഞ്ഞു. ഒളിച്ചിരിക്കുന്നത് പാക് ഭീകരര്‍ ആണെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയോടെ ബന്ദിപ്പോരയിലെ സൈനിക ക്യാമ്പിന് നേരെയും ഭീകരര്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണങ്ങള്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമെന്നും സുരക്ഷാവീഴ്ചയുടെ പ്രശ്‌നമല്ലെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഭീകരരെ വധിക്കരുതെന്നും പിടികൂടി അവര്‍ക്ക് പിന്നില്‍ ആരാണെന്ന് കണ്ടെത്തണമെന്നും നാഷണല്‍ കോണ്‍ഫ്രന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി.
കഴിഞ്ഞദിവസം കാശ്മീരിലെ ബദ്ഗാമില്‍ അതിഥി തൊഴിലാളികള്‍ക്ക് നേരെയും ഭീകരര്‍ വെടിയുര്‍ത്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളായ സോഫിയാന്‍ ഉസ്മാന്‍ മാലിക് എന്നിവര്‍ക്കാണ് ആക്രമണത്തില്‍ വെടിയേറ്റത്. കശ്മീര്‍ താഴ്‌വരയില്‍ രണ്ടാഴ്ചയ്ക്കിടെ അതിഥിത്തൊഴിലാളികള്‍ക്കു നേരെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണ് ഇത്. സര്‍വീസ് റൈഫിളില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ശ്രീനഗറിലെ റാവല്‍ പോരയില്‍ സൈനികന്‍ മരിച്ചു.