മലപ്പുറം: വാഫി കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖ് അലി തങ്ങളുടെ ആഹ്വാനത്തിനെതിരെ സമസ്ത നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിഐസിയുടെ കോഴ്സുകള്‍ ബഹിഷ്കരിക്കണമെന്ന് എസ് വൈ എസ് വർക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.വാഫി-വഫിയ്യ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന നടപടികള്‍ തുടങ്ങിയതായി അറിയിച്ചു കൊണ്ട് ആദ്യ വീഡിയോ പുറത്തിറക്കിയത് സിഐസി പ്രസിഡന്റായ സാദിഖ് അലി ശിഹാബ് തങ്ങളാണ്. തൊട്ടു പിന്നാലെ പാണക്കാട് കുടുംബത്തിലെ മറ്റംഗങ്ങളും വാഫി കോഴ്സിലേക്ക് വിദ്യാർഥികളെ ചേർക്കണമെന്ന അഭ്യർഥനയുമായി മുന്നോട്ടു വന്നു. ഇതോടെയാണ് ബഹിഷ്ക്കരണ ആഹ്വാനങ്ങളുമായി സമസ്ത യുവജന സംഘടനകളായ എസ് വൈ എസും, എസ്കെഎസ്എസ്എഫും രംഗത്തെത്തിയത്.