തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര, ഹ്രസ്വദൂര ബസുകളിൽ സംസ്ഥാനവ്യാപകമായി പരിശോധന നടത്താൻ കെഎസ്ആർടിസി സി.എം.ഡി നിർദേശം നൽകി. എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസിന്റെ നേതൃത്വത്തിലായിരിക്കും പരിശോധന.
തലശ്ശേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസിനുള്ളിൽ അഞ്ചംഗ സംഘം പരസ്യമായി മദ്യപിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. സംഭവത്തിൽ കഴിഞ്ഞ ദിവസം മൂന്ന് പേരെ പന്തളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നേരത്തെ ദീർഘദൂര ബസുകളിൽ സമാനമായ പരിശോധനകൾ നടത്തിയിരുന്നെങ്കിലും ഇനി ഹ്രസ്വദൂര ബസുകളിലേക്കും പരിശോധന വ്യാപിപ്പിക്കാനാണ് നിർദേശം. ബസുകളിലെ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയാണ് ലക്ഷ്യം.
നേരത്തെ കെഎസ്ആർടിസിയിലെ ജീവനക്കാരായിരുന്നു എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് പദവി വഹിച്ചിരുന്നത്. എന്നാൽ നിലവിൽ ഡിവൈ.എസ്.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥനാണ് ഈ ചുമതല വഹിക്കുന്നത്. ഇതോടെ പരിശോധന കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കെഎസ്ആർടിസി അധികൃതരുടെ പ്രതീക്ഷ.




