വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നടവയൽ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആർ. ഷിജു (44)വിനെയാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.എച്ച്.ഒ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശനിയാഴ്ച പ്രതിയെ പിടികൂടിയത്.
2026 നവംബർ 20ന് വൈകിട്ടായിരുന്നു സംഭവം. നടവയൽ റേഷൻകടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയിൽ തർക്കിക്കുന്നത് കണ്ട ജീവനക്കാരൻ ഇവരോട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായ ഷിജു ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം മടങ്ങിപ്പോയി.
പിന്നീട് കത്തിയുമായി തിരിച്ചെത്തിയ പ്രതി റേഷൻകടയുടെ വരാന്തയിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിർത്തി പുറത്ത് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞുമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.
സംഭവത്തിൽ കുറ്റകൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് പിടിച്ചെടുത്തു. നേരത്തെ ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലും ഷിജു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.




