തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് ഡിജിപിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന് നൽകിയ നിയമോപദേശം. പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ജൂൺ നാലിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ തീരുമാനം നടപ്പാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നതായാണ് സൂചന.
നിലവിൽ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന് പ്രോസിക്യൂഷൻ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. സിബിഐ അന്വേഷണം തിരിച്ചടിയാകുമെന്ന നിയമോപദേശമാണ് സർക്കാർ നിലപാടിൽ മാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
സിബിഐ അന്വേഷണം പി.പി. ദിവ്യയ്ക്ക് അനുകൂലമാകുമോ?
സർക്കാരിന് ലഭിച്ച നിയമോപദേശത്തിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നതുപോലെ കൊലപാതകമോ അതുമായി ബന്ധപ്പെട്ട ഗൂഢാലോചനയോ സിബിഐ അന്വേഷണത്തിൽ തെളിയിക്കാനായില്ലെങ്കിൽ നിലവിലെ കേസ് ദുർബലമാകാനുള്ള സാധ്യതയുണ്ടെന്നാണ് ഒന്നാമത്തെ വിലയിരുത്തൽ.
പി.പി. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനിൽക്കാൻ ആവശ്യമായ ശക്തമായ തെളിവുകളും സാഹചര്യങ്ങളുമുണ്ടെന്നും നിയമോപദേശത്തിൽ പറയുന്നു. ഈ സാഹചര്യങ്ങൾ പരിഗണിക്കാതെ സിബിഐ അന്വേഷണത്തിലേക്ക് പോയാൽ പി.പി. ദിവ്യയ്ക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങാമെന്നാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി. അസഫലിയുടെ നിയമോപദേശത്തിലെ മുന്നറിയിപ്പ്.
ഇതോടെയാണ് സിബിഐ അന്വേഷണത്തിന് വിടണമെന്ന മുൻ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ടുപോകുന്നത്. പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
നവീൻ ബാബുവിന്റെ കുടുംബത്തിന്റെ നീതിക്കായുള്ള ആവശ്യം, നിലവിലെ കേസിന്റെ വിചാരണ, പുതിയ അന്വേഷണ സാധ്യതകൾ എന്നിവയ്ക്കിടയിൽ സർക്കാർ സ്വീകരിക്കുന്ന അന്തിമ നിലപാട് നിർണായകമാകും.




