നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം; പുതിയ എസ്ഐടി വേണമെന്ന് നിയമോപദേശം

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. സിബിഐ അന്വേഷണത്തിന് വിടുന്നതിൽ നിയമപരമായ തടസ്സങ്ങളുണ്ടെന്നാണ് ഡിജിപിയും അഡ്വക്കേറ്റ് ജനറലും സർക്കാരിന് നൽകിയ നിയമോപദേശം. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയ കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം.

സിബിഐ അന്വേഷണത്തിന് പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇതോടെ അന്വേഷണം സിബിഐക്ക് വിടുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനമെടുക്കുന്നത് വൈകും.

ജൂൺ നാലിനാണ് നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

2024 ഒക്ടോബർ 14ന് കണ്ണൂർ കളക്ടറേറ്റിൽ നടന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗമാണ് സംഭവങ്ങളുടെ തുടക്കം. യോഗത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ എത്തുകയും നവീൻ ബാബുവിനെതിരെ പരസ്യമായി ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തു.

സ്ഥലംമാറ്റത്തെ തുടർന്ന് പുതിയ ചുമതലയിലേക്ക് പോകാനിരിക്കെയാണ് യോഗത്തിൽ പരസ്യമായ അധിക്ഷേപമുണ്ടായത്. തുടർന്ന് ലഭിച്ച ഉപഹാരങ്ങൾ പോലും എടുക്കാതെയാണ് നവീൻ ബാബു കളക്ടറേറ്റിൽനിന്ന് മടങ്ങിയത്.

രാത്രി 8.55നുള്ള മലബാർ എക്സ്പ്രസിൽ നാട്ടിലേക്ക് പോകാനായിരുന്നു നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്. എന്നാൽ പുലർച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കൾ നവീൻ ട്രെയിനിൽ ഇല്ലെന്ന വിവരം കണ്ണൂരിൽ അറിയിച്ചു. തുടർന്ന് എഡിഎമ്മിന്റെ ഡ്രൈവർ പള്ളിക്കുന്നിലെ താമസസ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

നിലവിൽ സമർപ്പിച്ച കുറ്റപത്രം പ്രകാരം കേസിൽ സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ മാത്രമാണ് പ്രതി.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന നിർദേശവും നിലനിൽക്കെ, കേസിന്റെ തുടർ അന്വേഷണത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...