സ്വർണവില ഇടിഞ്ഞു; പണയം വെച്ചവർക്കും ബാങ്കിന്റെ നോട്ടീസ്! അധിക തുക തിരിച്ചടയ്ക്കണമെന്ന് നിർദേശം

സ്വർണവില കുത്തനെ കുറഞ്ഞതോടെ സ്വർണം പണയം വെച്ച് വായ്പയെടുത്തവരും പ്രതിസന്ധിയിൽ. ഉയർന്ന വിലയുള്ള സമയത്ത് സ്വർണം പണയം വെച്ച് കൂടുതൽ തുക വായ്പയെടുത്തവർക്കാണ് ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും മുന്നറിയിപ്പ് സന്ദേശങ്ങളും കത്തുകളും ലഭിക്കുന്നത്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ അനുവദിച്ച വായ്പയുടെ പരിധി കവിഞ്ഞതാണ് തിരിച്ചടിക്ക് നിർദേശം നൽകാൻ കാരണം.

വായ്പാ പരിധി നിലനിർത്തുന്നതിനായി അധിക തുക തിരിച്ചടയ്ക്കുകയോ കൂടുതൽ സ്വർണം പണയമായി നൽകുകയോ ചെയ്യണമെന്നാണ് ബാങ്കുകളുടെ നിർദേശം. പണമോ ചെക്കോ നൽകിയും അധിക സ്വർണം പണയം വെച്ചും വായ്പാ പരിധിയിലെ കുറവ് നികത്താമെന്നാണ് സന്ദേശങ്ങളുടെ ഉള്ളടക്കം. സ്വർണവിലയിലെ മാറ്റത്തിനനുസരിച്ച് ഇത്തരം അറിയിപ്പുകൾ വീണ്ടും ലഭിക്കാനും സാധ്യതയുണ്ട്.

കഴിഞ്ഞ സെപ്റ്റംബറിൽ നാലേമുക്കാൽ ലക്ഷം രൂപയുടെ സ്വർണവായ്പയെടുത്തവർക്ക് ഇപ്പോഴത്തെ വിലയിടിവിന്റെ അടിസ്ഥാനത്തിൽ കുറഞ്ഞത് 9,000 രൂപയെങ്കിലും അധികമായി തിരിച്ചടയ്ക്കേണ്ട സാഹചര്യമുണ്ടെന്നാണ് കണക്ക്.

എന്താണ് എൽടിവി?

ലോൺ ടു വാല്യു അഥവാ എൽടിവി അനുപാതമാണ് ഈ വായ്പകളിൽ നിർണായകമാകുന്നത്. പണയം വെക്കുന്ന സ്വർണത്തിന്റെ മൂല്യത്തിന് ആനുപാതികമായാണ് ബാങ്കുകൾ വായ്പ അനുവദിക്കുന്നത്. വായ്പയുടെ തുകയും സ്വർണത്തിന്റെ നിലവിലെ മൂല്യവും തമ്മിലുള്ള അനുപാതമാണിത്.

റിസർവ് ബാങ്കിന്റെ ചട്ടപ്രകാരം വായ്പാ തുകയനുസരിച്ച് വ്യത്യസ്ത എൽടിവി പരിധികളുണ്ട്. വായ്പാ തുക 2.5 ലക്ഷം രൂപ വരെയാണെങ്കിൽ സ്വർണത്തിന്റെ മൂല്യത്തിന്റെ 85 ശതമാനം വരെയും അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 80 ശതമാനം വരെയും 25 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് 75 ശതമാനം വരെയുമാണ് അനുവദിക്കാവുന്നത്. വായ്പ അനുവദിക്കുന്നതിന് മുമ്പ് നിബന്ധനകൾ ഉപഭോക്താക്കളെ അറിയിച്ച് സമ്മതം വാങ്ങാറുണ്ട്.

സ്വർണവില താഴുമ്പോൾ പണയം വെച്ച സ്വർണത്തിന്റെ മൂല്യവും കുറയും. ഇതോടെ വായ്പാ തുകയും അനുവദനീയമായ എൽടിവി പരിധിയും തമ്മിലുള്ള വ്യത്യാസം വർധിക്കാം. ഈ സാഹചര്യത്തിലാണ് അധിക തുക തിരിച്ചടയ്ക്കാനോ കൂടുതൽ ഈട് നൽകാനോ ബാങ്കുകൾ ആവശ്യപ്പെടുന്നത്.

പണം തിരിച്ചടച്ചില്ലെങ്കിൽ സ്വർണം ലേലം ചെയ്യുമോ?

ബാങ്കിൽ നിന്നുള്ള സന്ദേശം ലഭിച്ചതുകൊണ്ട് ഉടൻ സ്വർണം ലേലം ചെയ്യുമെന്നർഥമില്ല. വായ്പാ കരാറിലെ വ്യവസ്ഥകളും ബാധകമായ ചട്ടങ്ങളും അനുസരിച്ച് ആവശ്യമായ നോട്ടീസ് നടപടികൾ പാലിക്കണം. ലേലത്തിന് മുമ്പ് ഉപഭോക്താവിന് അറിയിപ്പ് നൽകുന്നതുൾപ്പെടെയുള്ള നടപടികൾ ബാങ്കുകൾ സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ തിരിച്ചടവിലും പലിശ അടയ്ക്കുന്നതിലും തുടർച്ചയായി വീഴ്ച വരുത്തിയാൽ സ്വർണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകാം.

കേരളത്തിലെ കുടുംബങ്ങളുടെ സ്വർണസമ്പത്തിനും മൂല്യത്തകർച്ച

ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 30,000 ടൺ സ്വർണമുണ്ടെന്നാണ് സ്വർണവ്യാപാര സംഘടനകളുടെ കണക്ക്. കേരളത്തിലെ കുടുംബങ്ങളുടെ കൈവശം ഏകദേശം 2,000 ടൺ സ്വർണമുണ്ടെന്നും കണക്കാക്കപ്പെടുന്നു.

22 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 4,785 രൂപയുടെ വിലയിടിവ് കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തെ കുടുംബങ്ങളുടെ കൈവശമുള്ള സ്വർണത്തിന്റെ വിപണിമൂല്യത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഏകദേശം 9.57 ലക്ഷം കോടി രൂപയുടെ മൂല്യത്തകർച്ചയെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്ന കണക്ക്.

അതേസമയം, സ്വർണവില വീണ്ടും ഉയർന്നാൽ നിലവിലെ സാഹചര്യം മാറാം. സ്വർണം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും രൂപയുടെ മൂല്യവുമെല്ലാം ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കും. അതുകൊണ്ടുതന്നെ സ്വർണവിലയിലെ അടുത്ത നീക്കങ്ങൾ ഉറ്റുനോക്കുകയാണ് നിക്ഷേപകരും സ്വർണപ്പണയ വായ്പയെടുത്തവരും.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...