കൊച്ചി: മലങ്കര യാക്കോബായ സഭ പരമാധ്യക്ഷൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. സന്ദർശനത്തിന് പിന്നാലെ ഇരുസഭകളും ചർച്ചയ്ക്ക് തയ്യാറായതായും ഈ വിഷയത്തിൽ മുഖ്യമന്ത്രിയോട് നന്ദി അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇരു സഭകളും ചർച്ചയ്ക്ക് തയ്യാറായിരുന്നില്ല. എന്നാൽ സർക്കാരിന്റെ ഇടപെടലോടെയാണ് ചർച്ചയ്ക്കുള്ള സാഹചര്യം ഒരുങ്ങിയതെന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. സർക്കാരിന്റെ ധീരമായ ഇടപെടലിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നിലപാടും ഇതിൽ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
സഭാ തർക്കം സമാധാനപരമായി അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
അതേസമയം, പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് പ്രവേശനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തെറ്റ് തിരുത്തി വരുന്നവർക്ക് പാർട്ടിയിലേക്ക് മടങ്ങിവരാമെന്നാണ് നിലപാട്. ബിജെപിയിൽ നിന്ന് ഇനിയും നിരവധി പേർ കോൺഗ്രസിലേക്ക് തിരിച്ചുവരാനുണ്ടെന്നും എല്ലാവരെയും സ്വാഗതം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചെത്തുന്നവർക്ക് അഞ്ചുവർഷം പാർട്ടിയിൽ പ്രവർത്തിക്കാൻ അവസരം നൽകണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.




