തിരുവനന്തപുരം: മദ്യപിക്കുന്ന പൊലീസുകാരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് നിർദേശിച്ച് ഐജിയുടെ സർക്കുലർ. നിലയ്ക്കലിൽ തീർഥാടക വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ച സംഭവം സേനയ്ക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് കർശന നിർദേശം.
ഭക്തർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് പൊലീസിന്റെ പ്രധാന കടമയെന്ന് ഐജി പി. പ്രകാശ് ജില്ലാ പൊലീസ് മേധാവിമാർക്ക് അയച്ച സർക്കുലറിൽ വ്യക്തമാക്കി. പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്ന ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് അയക്കാതിരിക്കാൻ എസ്പിമാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
നിലയ്ക്കലിൽ ശബരിമല തീർഥാടകരുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മർദിച്ച സംഭവമാണ് സർക്കുലറിന് പിന്നിലെ പ്രധാന പശ്ചാത്തലം. സംഭവത്തിൽ എഎസ്ഐ ജിജോയെ സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയിരുന്നു. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതോടെ പ്രകോപിതനായാണ് എഎസ്ഐ മർദിച്ചതെന്നാണ് ഡ്രൈവറായ വടക്കൻ പറവൂർ സ്വദേശി പ്രശാന്തിന്റെ പരാതി.
എറണാകുളത്തുനിന്ന് ശബരിമല സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയ എഎസ്ഐ ജിജോയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിരുന്നു.
തീർഥാടകരോട് മാന്യമായി പെരുമാറണമെന്നും സേനയുടെ അച്ചടക്കത്തിനും വിശ്വാസ്യതയ്ക്കും കോട്ടം വരുത്തുന്ന പ്രവൃത്തികൾ അനുവദിക്കില്ലെന്നുമുള്ള കർശന സന്ദേശമാണ് ഐജിയുടെ സർക്കുലർ നൽകുന്നത്.




