തൃശൂർ: മിഠായി തൊണ്ടയിൽ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. തൃശൂർ പറപ്പൂക്കര പള്ളത്താണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം. പള്ളം തോട്ടുങ്ങൽ പുതുപ്പുള്ളിപറമ്പിൽ റൂബി–അനു ദമ്പതികളുടെ മകൻ ഏയ്ബലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം.
മിഠായി തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് കുട്ടിയെ ഉടൻതന്നെ പറപ്പൂക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. മരണകാരണം സ്ഥിരീകരിക്കുന്നതിനായി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സംഭവമറിഞ്ഞ് പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറാം ക്ലാസ് വിദ്യാർഥിയായ ആരോൺ സഹോദരനാണ് മരിച്ച ഏയ്ബൽ. കുടുംബത്തെയും നാടിനെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ് കുഞ്ഞിന്റെ വിയോഗം.




