തിരുവനന്തപുരം: ബാലരാമപുരം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജംബുലിംഗം എന്നറിയപ്പെടുന്ന പുന്നയ്ക്കാട് സ്വദേശി സുരേഷ് (44) ആണ് പിടിയിലായത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് സുരേഷ്. 12 വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച ശേഷവും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് കാപ്പ ചുമത്തിയത്.
ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻകാണിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. നെയ്യാറ്റിൻകര ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ കണ്ണൻ, എസ്.ഐ ദീപു, ഗ്രേഡ് എസ്.ഐ സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു മാസം മുമ്പ് മറ്റൊരു കേസിൽ അറസ്റ്റിലായി ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതായിരുന്നു സുരേഷ്.




