സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ ഒ.ടി.ടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ആമസോൺ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 12 മുതൽ തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ റെക്കോർഡ് സ്ക്രീൻ കൗണ്ടിലാണ് ചിത്രം റിലീസ് ചെയ്തത്. 800 സ്ക്രീനുകളിലായി ആദ്യദിനം 4,000 ഷോകളാണ് പ്രദർശിപ്പിച്ചത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ചിത്രം കേരളത്തിൽ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്തത്.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ ചിത്രം 770 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തുന്നുവെന്നത് മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് വലിയ പ്രതീക്ഷ നൽകിയിരുന്നു. രജനികാന്തിനും മോഹൻലാലിനും പുറമെ ശിവ രാജ്കുമാറും ചിത്രത്തിൽ തിരിച്ചെത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. വിജയ് കാർത്തിക് കണ്ണനാണ് ഛായാഗ്രഹണം. ആർ. നിർമ്മൽ എഡിറ്റിംഗും ഡോ. കെ. കിരൺ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചിരിക്കുന്നു.
ചേതൻ ഡി’സൂസയാണ് ആക്ഷൻ കൊറിയോഗ്രാഫി. കലാനിധി മാരനാണ് നിർമാതാവ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ ഒരുങ്ങിയ ചിത്രം തിയേറ്ററുകളിലെ വിജയത്തിന് പിന്നാലെയാണ് ഒ.ടി.ടി പ്രേക്ഷകരിലേക്കും എത്തുന്നത്.




