കൽപ്പറ്റ: മീനങ്ങാടി സ്കൂളിലെ വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെതിരായ ആരോപണങ്ങൾക്ക് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് യുഡിഎഫ്. പ്രിൻസിപ്പൽ ഷിവി കൃഷ്ണനും പി.ടി.എ പ്രസിഡന്റും ബാർ ആൻഡ് റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതും പിന്നീട് പുറത്തേക്ക് വരുന്നതുമായ ദൃശ്യങ്ങളാണ് യുഡിഎഫ് പുറത്തുവിട്ടത്.
ഹൈദരാബാദിലെ നമ്പള്ളിയിലുള്ള ബോംബെ ബാർ ആൻഡ് റെസ്റ്റോറന്റിൽ നിന്നുള്ള ദൃശ്യങ്ങളാണിവയെന്ന് യുഡിഎഫ് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. ബാറിൽ മദ്യത്തിന്റെ ബില്ലിനായി 1,100 രൂപ നൽകിയെന്നും പി.ടി.എ പ്രസിഡന്റ് സ്വന്തം എ.ടി.എം കാർഡ് ഉപയോഗിച്ചാണ് പണം അടച്ചതെന്നും യുഡിഎഫ് ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് മീനങ്ങാടി നേതൃത്വം വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. വിനോദയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ കുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചുവെന്ന ആരോപണത്തിൽ ബാലാവകാശ കമ്മീഷനും പരാതി നൽകുമെന്ന് യുഡിഎഫ് അറിയിച്ചു.
അതേസമയം, തനിക്കെതിരെ ഉയർന്ന മദ്യപാന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു ഇടതുപക്ഷ അധ്യാപക സംഘടനാ നേതാവുകൂടിയായ പ്രിൻസിപ്പൽ ഷിവി കൃഷ്ണന്റെ ആദ്യ പ്രതികരണം. തനിക്കെതിരായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾ ശരിവയ്ക്കുന്നതാണെന്ന് അവകാശപ്പെട്ട് സിസിടിവി ദൃശ്യങ്ങളുമായി യുഡിഎഫ് രംഗത്തെത്തിയത്.
അധ്യാപകന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും വിഷയത്തിൽ ഓൺലൈൻ മാധ്യമങ്ങളെയും വ്ലോഗർമാരെയും സ്വാധീനിക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചുവെന്നും യുഡിഎഫ് ആരോപിച്ചു. വിവാദത്തിന്റെ പേരിൽ കുട്ടികൾ അതിക്രൂരമായ വിചാരണയ്ക്കും സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾക്കും ഇരയായെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം കൂടുതൽ ചർച്ചയായിരിക്കുകയാണ്. സംഭവത്തിൽ ഉയർന്ന ആരോപണങ്ങളിലും കുട്ടികൾ നേരിട്ട സൈബർ അധിക്ഷേപങ്ങളിലും ബന്ധപ്പെട്ട അധികൃതരുടെ അന്വേഷണം നിർണായകമാകും.




