ആലപ്പുഴ കെ.എസ്. ഷാൻ വധക്കേസിന്റെ വിചാരണ നടപടികൾ നീട്ടിവെച്ചു. നവംബർ 20-ലേക്കാണ് വിചാരണ മാറ്റിയത്. വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ അഡ്ജേൺമെന്റ് ഹർജിയെത്തുടർന്നാണ് നടപടി. പ്രതിഭാഗം അഭിഭാഷകന് അഭിമന്യു കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ ഹാജരാകേണ്ടതുണ്ടെന്ന് കോടതിയെ അറിയിച്ചതോടെയാണ് വിചാരണ മാറ്റിവെച്ചത്.
ആലപ്പുഴയിലെ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ 2021 ഡിസംബർ 18-നാണ് മണ്ണഞ്ചേരിക്ക് സമീപം കൊല്ലപ്പെട്ടത്. കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകർക്ക് 2025 സെപ്റ്റംബറിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട് ഹൈക്കോടതി ജാമ്യം നിഷേധിച്ച അഭിമന്യു, അതുൽ, സനന്ദ് ഉൾപ്പെടെയുള്ള പ്രതികൾക്കാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേരള സർക്കാരും സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാർ എതിർപ്പ് അറിയിച്ചിട്ടും പ്രതികൾക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. നവംബർ 20-ന് കേസിന്റെ വിചാരണ നടപടികൾ വീണ്ടും ആരംഭിക്കും.




