തിരുവനന്തപുരം: സർക്കാരിൽ സമ്മർദം ശക്തമാക്കാൻ സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. ചൊവ്വാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ബസുടമകൾ അറിയിച്ചു.
സർക്കാരിന്റെ പ്രിയദർശിനി പദ്ധതി സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് ഉടമകളുടെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവരെ നേരിൽ കണ്ട് പരാതി അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ലെന്നും ബസുടമകൾ പറയുന്നു.
മിനിമം ബസ് ചാർജ് 20 രൂപയായി വർധിപ്പിക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് ഉയർത്തുക, പ്രിയദർശിനി പദ്ധതി മൂലം ദുരിതത്തിലായ ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്.
പദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ ഡീസലടിക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും ആവശ്യമായ വരുമാനം പോലും ലഭിക്കുന്നില്ലെന്നാണ് ബസുടമകളുടെ വാദം.
ആവശ്യങ്ങൾ ഉന്നയിച്ച് നേരത്തേ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിരാഹാര സമരത്തിലേക്ക് കടക്കുന്നത്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിക്കുമെന്നും ബസുടമകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




