തിരുവനന്തപുരം കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ച് ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശിയായ 16 വയസ്സുകാരിയാണ് ചൂഷണത്തിന് ഇരയായത്. കുട്ടിയെ സ്പായിലെത്തിച്ചത് മാതൃസഹോദരിയും ഭർത്താവുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ജൂലൈയിലാണ് കുട്ടിയെ ബന്ധുക്കൾ കോവളത്ത് എത്തിച്ചത്. മാതാപിതാക്കൾ മരിച്ചതിനെത്തുടർന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല ഇവർക്കായിരുന്നു. ജൂലൈ മുതൽ വിവിധ സ്പാകളിൽ കുട്ടി ജോലി ചെയ്തിരുന്നതായാണ് വിവരം.
കോവളത്തെ ഒരു സ്പായിലെ യുവാവുമായി കുട്ടി അടുപ്പത്തിലാവുകയും അവിടെനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസ് വിവിധ സ്പാകളിൽ പരിശോധന നടത്തി. അന്വേഷണത്തിലാണ് കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് പൂവാർ സ്വദേശിയെയും ആലപ്പുഴ സ്വദേശിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും റിമാൻഡ് ചെയ്തിരിക്കുകയാണ്.
പെൺകുട്ടിക്ക് 16 വയസ്സാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. എന്നാൽ 20 വയസ്സുണ്ടെന്ന് വ്യക്തമാക്കുന്ന ആധാർ കാർഡ് കുട്ടിയുടെ കൈവശമുണ്ടായിരുന്നു. ഇത് വ്യാജമാണോയെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
കുട്ടിയെ കോവളത്തെത്തിച്ച ബന്ധുക്കൾ ആന്ധ്രപ്രദേശിലേക്ക് മടങ്ങിയെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കോവളം സി.ഐ. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.




