തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ എ മരുന്നിന്റെ വിതരണം പൂർണമായി നിലച്ചിരിക്കുകയാണ്. കുട്ടികൾക്ക് ആവശ്യമായ ചില വാക്സിനുകളും ആശുപത്രികളിൽ ലഭ്യമല്ലെന്നാണ് വിവരം.
അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് ആറുമാസം ഇടവിട്ട് നൽകേണ്ടതാണ് വൈറ്റമിൻ എ. എന്നാൽ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി കുട്ടികളുടെ മരുന്നുകളുടെ ലഭ്യതയിൽ പ്രതിസന്ധിയുണ്ടെന്നാണ് മാതാപിതാക്കളുടെ പരാതി.
അതേസമയം, സർക്കാർ ആശുപത്രികളിൽ സ്റ്റോക്കില്ലാത്ത 28 മരുന്നുകൾ ഈ മാസം പകുതിയോടെ എത്തിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. സ്റ്റോക്ക് ക്ഷാമം നേരിടുന്ന മരുന്നുകളുടെ ടെൻഡർ നടപടികൾ ഇന്നലെ ചേർന്ന കെ.എം.എസ്.സി.എൽ അടിയന്തര യോഗത്തിൽ പൂർത്തിയാക്കിയതായാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
പഞ്ഞി ഉൾപ്പെടെയുള്ള അടിസ്ഥാന ചികിത്സാ സാമഗ്രികൾ മുതൽ ജീവിതശൈലീ രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ വരെ പല ആശുപത്രികളിലും ക്ഷാമം നേരിടുന്നുണ്ട്. പനിയും മറ്റ് പകർച്ചവ്യാധികളും ബാധിച്ച് ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണവും വർധിക്കുന്ന സാഹചര്യത്തിൽ മരുന്നുകളുടെ അടിയന്തര ലഭ്യത ഉറപ്പാക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ മരുന്നുക്ഷാമം എങ്ങനെ പൂർണമായി പരിഹരിക്കുമെന്ന കാര്യത്തിൽ ആരോഗ്യവകുപ്പിന് വ്യക്തമായ മറുപടിയില്ലെന്നാണ് വിമർശനം. മരുന്നുകൾ അടിയന്തരമായി ആശുപത്രികളിൽ എത്തിച്ചില്ലെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.




