പാറ്റ്ന: ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീടുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ടെത്തിയതായി അധികൃതർ. പണവും ആഭരണങ്ങളും ആഡംബര വാച്ചുകളും ഭൂമി, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായി വിജിലൻസ് അറിയിച്ചു.
പാറ്റ്ന അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് സപ്ലൈ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ രവീന്ദ്ര കുമാർ ദിവാകറിന്റെയും ദാനാപ്പൂരിലെ ജില്ലാ സബ് രജിസ്ട്രാർ കുമാരി സ്വീറ്റിയുടെയും പാറ്റ്നയിലെ വസതിയിലും ബെഗുസാരായിയിലെ തറവാട്ടുവീട്ടിലുമാണ് ഒരേസമയം റെയ്ഡ് നടത്തിയത്.
പാറ്റ്നയിലെ വീട്ടിൽ നിന്ന് 70 ലക്ഷം രൂപയും ഏകദേശം ആറ് ലക്ഷം രൂപ വിലമതിക്കുന്ന 48 ആഡംബര വാച്ചുകളും കണ്ടെത്തിയതായി വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെഗുസാരായിയിലെ വീട്ടിൽ നിന്ന് ഒൻപത് ലക്ഷം രൂപയും സ്വർണം, വെള്ളി ആഭരണങ്ങളും കണ്ടെടുത്തു.
ഇരുസ്ഥലങ്ങളിൽ നിന്നുമായി ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
പാറ്റ്നയിൽ ഏകദേശം 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്ളാറ്റുകൾ ദമ്പതികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഏകദേശം 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും ഇവരുടെ ഉടമസ്ഥതയിലുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. പ്ലോട്ടുകൾ ഭാര്യയുടെയും പിതാവിന്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കണ്ടെടുത്ത പണം എണ്ണുന്നതിനായി പ്രത്യേക മെഷീനുകളും സ്ഥലത്തെത്തിച്ചു. പണവും ആഭരണങ്ങളും മറ്റ് രേഖകളും വിജിലൻസ് സംഘം വിശദമായി പരിശോധിച്ചു.
എന്നാൽ പിടിച്ചെടുത്ത പണത്തിന്റെയും സ്വർണാഭരണങ്ങളുടെയും കൃത്യമായ അളവും മൂല്യവും പരിശോധനയും അന്വേഷണവും പൂർത്തിയായ ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
സർക്കാർ ഉദ്യോഗസ്ഥ ദമ്പതികളുടെ വരുമാനവുമായി പൊരുത്തപ്പെടാത്ത സ്വത്തുക്കളുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നാണ് വിവരം. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്.




